Kerala
കൊച്ചി: കൊച്ചിയിൽ തെരുവ് നായയ്ക്ക് കോഴിമാലിന്യം നൽകിയ രണ്ട് പേർക്കെതിരെ പോലീസ് കേസെടുത്തു. ഫോർട്ട് കൊച്ചി പോലീസാണ് കേസെടുത്തത്.
പ്രദേശത്ത് നേരത്തെ തെരുവ് നായയുടെ ആക്രമണത്തിൽ ഒരു യുവതിക്ക് പരിക്കേറ്റിരുന്നു. ഈ സംഭവത്തിന് പിന്നാലെ, നായ്ക്കൾക്ക് കോഴിമാലിന്യം നൽകുന്നത് തടയണമെന്നും ഇത് പ്രദേശത്ത് വലിയ അപകടഭീഷണി ഉയർത്തുന്നുണ്ടെന്നും കാണിച്ച് നാട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
District News
കൂത്താട്ടുകുളം: ഗവ. ആശുപത്രിയിൽ തെരുവുനായ നഴ്സിനെ കടിച്ചു. ഇന്നലെ രാവിലെ ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങിയ നഴ്സിനെയാണ് നായ ആക്രമിച്ചത്. കൈയിലുണ്ടായിരുന്ന ഹാൻഡ് ബാഗ് കൊണ്ട് പ്രതിരോധിച്ചതിനാൽ കാര്യമായി പരിക്കേറ്റില്ല. കൂത്താട്ടുകുളത്ത് വാക്സിനേഷൻ സൗകര്യം ഇല്ലാത്തതിനാൽ പണ്ടപ്പിള്ളി ഗവ. ആശുപത്രിയിൽ ചികിത്സ തേടി.
ഐസോലേഷൻ വാർഡ് വരാന്ത, എക്സ്റേ യൂണിറ്റിന്റെ മുൻവശം, ഒപി പ്രവർത്തിക്കുന്ന കെട്ടിടം, ആശുപത്രിമുറ്റം തുടങ്ങി എല്ലായിടത്തും സദാസമയം തെരുവ് നായ്ക്കളുണ്ട്. നായ്ക്കൾ അപ്രതീക്ഷിതമായാണ് ആളുകൾക്കു നേരെ ചാടിയടുക്കുന്നത്. മാസങ്ങളായി ആശുപത്രിയിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന പരാതി ഉണ്ടെങ്കിലും നഗരസഭ ഒരു നടപടികളും സ്വീകരിക്കുന്നില്ലെന്ന പരാതിയുമുണ്ട്.
District News
കല്ലമ്പലം: വിദ്യാർഥിനിയെ തെരുവ് നായ കടിച്ചു. ആലംകോട് തെഞ്ചേരിക്കോണം ഭാഗത്ത് ഞാറവിള - കൊച്ചുവിള റോഡിൽ കൂടി നടക്കുകയായിരുന്ന ഞാറവിള എഎസ്എ മൻസിലിൽ രഹന മഹറിനാണ് തെരുവ് നായയുടെ കടിയേറ്റത്.
ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ യുവതിക്ക് ഇഞ്ചക്ഷൻ നൽകി.
മണമ്പൂർ പഞ്ചായത്തിലെ ഈ പ്രദേശത്ത് തെരുവുനായ്ക്കളുടെ ഉപദ്രവം കൂടി വരികയാണെന്ന് നാട്ടുകാർ പറയുന്നു.
Kerala
കൊല്ലം: ക്ലാപ്പനയിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടര വയസുകാരനെ തെരുവുനായ ആക്രമിച്ചു. വരവിള സന്നിധാനത്ത് അഭിലാഷ്– ഗോപിക ദമ്പതികളുടെ മകൻ അഭിതേജിനാണ് നായയുടെ കടിയേറ്റത്.
കുട്ടിയുടെ കരച്ചിൽ കേട്ട് വീട്ടുകാർ ഓടിയെത്തുകയായിരുന്നു. സാരമായി പരുക്കേറ്റ അഭിതേജിനെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൂട്ടത്തോടെ നടക്കുന്ന തെരുവുനായകൾ ക്ലാപ്പന പഞ്ചായത്തിൽ ഭീഷണി ആയിരിക്കുകയാണ്. അടുത്തിടെ ഒരു വീട്ടിൽ നിന്ന് 17 കോഴികളെ തെരുവുനായ കടിച്ചുകൊന്നിരുന്നു.
District News
മരട്: മരട് നഗരസഭയിൽ വർധിച്ച് വരുന്ന തെരുവുനായ ശല്യത്തിന്റെ പശ്ചാത്തലത്തിൽ നഗരസഭ ചെയർപേഴ്സൺ അജിത നന്ദകുമാറിന്റെ അധ്യക്ഷതയിൽ മൃഗസ്നേഹികളെയും ബന്ധപ്പെട്ട സംഘടനാ പ്രതിനിധികളെയും ഉൾപ്പെടുത്തി ചർച്ച നടന്നു.
നഗരസഭയുടെ മൃഗാശുപത്രിയിൽ എബിസി സെന്റർ ആരംഭിക്കുന്നതിനായി നഗരസഭാ ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്നും, മൃഗാശുപത്രിയുടെയും കൃഷിഭവന്റേയും സേവനങ്ങൾ ഫീൽഡ് തലത്തിലേയ്ക്ക് വ്യാപിപ്പിക്കുമെന്നും ഡെപ്യൂട്ടി ചെയർപേഴ്സൺ ജിൻസൺ പീറ്റർ പറഞ്ഞു.
വളർത്തു നായകൾക്ക് നിർബന്ധമായും ലൈസൻസ് എടുക്കണമെന്നും നായകളെ പൊതുവഴികളിൽ ഉപേക്ഷിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും യോഗത്തിൽ ഉയർന്നു വന്ന എല്ലാ നിർദേശങ്ങളുമുൾപ്പെടുത്തി കൗൺസിൽ അജണ്ട തയാറാക്കി ഉടൻ കൗൺസിലിൽ അവതരിപ്പിക്കുമെന്നും ചെയർപേഴ്സൺ അറിയിച്ചു.
District News
വൈപ്പിൻ : പിഞ്ചുകുഞ്ഞുങ്ങളടക്കം 10 പേരെ തെരുവുനായ് കടിച്ചുകീറിയ എളങ്കുന്നപ്പുഴ പഞ്ചായത്തിൽ തെരുവുനായ് ആക്രമണം തടയാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകി.
വെറ്ററിനറി ഡോക്ടറുടെ സാന്നിധ്യത്തിൽ അടിയന്തരമായി കമ്മിറ്റി വിളിച്ചുചേർത്ത് ഇക്കാര്യത്തിൽ ഫലപ്രദമായ നടപടിയെടുക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
പഞ്ചായത്ത് ഭരണസമിതിയുടെ ആദ്യ യോഗത്തിൽ തന്നെ പ്രതിപക്ഷം തെരുവുനായ ശല്യത്തിനെതിരെ നടപടി ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ പല കമ്മിറ്റികളിലും ഇക്കാര്യം ഓർമപ്പെടുത്തിയിട്ടും നടപടിയുണ്ടായില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു.
Kerala
തിരുവനന്തപുരം: തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രീംകോടതി നിർദേശം നടപ്പിലാക്കാൻ കേരളം. തെരുവുനായ്ക്കളെ ദയാവധം ചെയ്യാമെന്ന സുപ്രീം കോടതി നിർദേശമാണ് നടപ്പാക്കാനൊരുങ്ങുന്നത്.
അപകടകാരികളായ തെരുവ് നായ്ക്കളെ കൊല്ലാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകി. പ്രാഥമിക പ്രോട്ടൊക്കോൾ തയ്യാറാക്കി. തദ്ദേശ സ്ഥാപന അടിസ്ഥാനത്തിൽ പ്രത്യേക സമിതികൾ രൂപീകരിച്ചു. നായ്ക്കളെ കൊല്ലുന്നത് ഈ സമിതിക്ക് തീരുമാനിക്കാം.
അതുപോലെ ഷെൽട്ടറുകൾക്ക് സ്ഥലം കണ്ടെത്താൻ കളക്ടർമാർക്ക് നിർദേശം നൽകും. രണ്ടിൽ കൂടുതൽ നായ്ക്കളുള്ള വീടുകൾ ഷെൽട്ടറായി പരിഗണിക്കും. ഇവയ്ക്ക് പ്രത്യേക സ്മോൾ -ഷെൽട്ടർ ലൈസൻസ് നൽകും. തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നതിനും പ്രത്യേക മാനദണ്ഡങ്ങൾ തയാറാക്കാനാണ് തീരുമാനം.
District News
മാനന്തവാടി: എരുമത്തെരുവിൽ തെരുവുനായശല്യം രൂക്ഷമാകുന്നതായി ആരോപണം. എരുമത്തെരുവിലും പരിസര പ്രദേശങ്ങളിലും തെരുവുനായകളുടെ എണ്ണം കൂടുന്നതാണ് യാത്രക്കാരെയും പ്രദേശവാസികളെയും ഭീതിയിലാക്കുന്നത്.
അതിരാവിലെ സ്കൂളുകളിലേക്കും മദ്രസകളിലേക്കും പോകുന്ന വിദ്യാർഥികൾക്കാണ് തെരുവുനായ്ക്കൾ ഏറ്റവും വലിയ ഭീഷണിയുയർത്തുന്നത്. കൂട്ടമായി എത്തുന്ന നായ്ക്കളുടെ ആക്രമണം ഏതു നിമിഷവും ഉണ്ടാകാമെന്ന ഭീതിയിലാണിവർ. പ്രദേശത്ത് നായശല്യം വർധിച്ചിട്ടും അധികൃതരുടെ ഭാഗത്തുനിന്നും നടപടികളുണ്ടാകുന്നില്ലെന്നും ആരോപണമുണ്ട്.
മാസങ്ങൾക്ക് മുന്പ് പാണ്ടിക്കടയുൾപ്പടെയുള്ള ഭാഗങ്ങളിൽ തെരുവുനായ ആക്രമണത്തിൽ ആളുകൾക്ക് പരിക്കേറ്റിരുന്നു. എരുമത്തെരുവുൾപ്പെടെയുള്ള വിവിധ ഭാഗങ്ങളിൽ നായകളുടെ എണ്ണം വർധിച്ചത് ആശങ്കക്കിടയാക്കുന്നുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനവും അധികൃതരും അടിയന്തരമായി ഇടപെട്ട് തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
District News
ഒറ്റപ്പാലം: വാണിയംകുളത്ത് തെരുവുനായ പശുക്കിടാവിനെ കടിച്ചുകൊന്നു. മറ്റൊരു പശുവിനെ ഗുരുതരമായി കടിച്ചു പരിക്കേൽപ്പിച്ചു. വാണിയംകുളം പനയൂർ എടക്കോട് പല്ലിശേരി വീട്ടിൽ പ്രഭാകരന്റെ വീട്ടിലെ തൊഴുത്തിൽ കെട്ടിയിരുന്ന പശുക്കിടാവിനെയാണ് തെരുവുനായ കടിച്ചുകൊന്നത്.
സമീപത്തുണ്ടായിരുന്ന പശുവിനും കടിയേറ്റു. കന്നുകാലി കച്ചവടക്കാരനായ പ്രഭാകരൻ മൂന്നുമാസം പ്രായംവരുന്ന പശുക്കടാവിനെ കഴിഞ്ഞ ദിവസമാണ് തമിഴ്നാട്ടിൽനിന്നും വാങ്ങിച്ചത്. 20 കന്നുകാലികളാണ് തൊഴുത്തിലുണ്ടായിരുന്നത്. ഇന്നലെ രാവിലെയാണ് പശുക്കടാവിനെ കടിച്ചുകൊന്ന നിലയിൽ കണ്ടെത്തിയത്. ദിവസങ്ങൾക്കുമുമ്പ് മറ്റൊരു പശുക്കുട്ടിയെ ഇത്തരത്തിൽ തെരുവുനായ കടിച്ചുകൊന്നിരുന്നു. അമ്പതിനായിരം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
District News
വാഴക്കുളം: ടൗണിൽ തെരുവുനായ ശല്യം രൂക്ഷം. വാഴക്കുളം കല്ലൂർക്കാട് കവലയിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് യാത്രക്കാരെ പ്രവേശിക്കാൻ അനുവദിക്കാതെ നായകൾ കാവൽ നിൽക്കുന്ന സാഹചര്യവും കഴിഞ്ഞദിവസം ഉണ്ടായി. നായകൾ കൂട്ടമായി ഇവിടെ എത്തുന്നതിനാൽ യാത്രികർ സ്റ്റോപ്പിൽ നിന്നും മാറി നിൽക്കേണ്ട അവസ്ഥയാണ്.
ഇടവഴികളിൽ നിന്നും മറ്റും പൊടുന്നനെ ചാടിവീഴുന്ന നായക്കൂട്ടം ഇരുചക്ര വാഹന യാത്രക്കാരെ അപായപ്പെടുത്തുന്ന സാഹചര്യവുമുണ്ട്. രൂക്ഷമായ നായ ശല്യത്തിന് അറുതി വരുത്താൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
District News
ഷെൽട്ടറുകൾ സ്ഥാപിക്കാൻ താത്പര്യപത്രം ക്ഷണിക്കും
കോഴിക്കോട്: കോർപറേഷൻ പരിധിയിലെ തെരുവ്നായ പ്രശ്നത്തിന് ശാസ്ത്രീയവും മനുഷ്യസൗഹൃദവുമായ പരിഹാരം ലക്ഷ്യമിട്ട് നടപടികളുമായി കോഴിക്കോട് കോര്പറേഷന്. ഒന്നാം ഘട്ടമെന്ന നിലയിൽ മേയര് ഒ. സദാശിവന്റെ നേതൃത്വത്തില് മൃഗ സ്നേഹികളുടെ സംഘടനകളുടെ യോഗം ചേർന്നു. ഘട്ടം ഘട്ടമായി തെരുവ്നായ പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിന് വിവിധ പദ്ധതികളെ പറ്റി യോഗം ചർച്ച ചെയ്തു.
കോർപറേഷൻ പരിധിയിൽ കുറഞ്ഞത് പത്ത്തെരുവ് നായകളെ ഉൾക്കൊള്ളാൻ കഴിയുന്ന ചെറിയ ഷെൽട്ടറുകൾ സ്ഥാപിച്ച് നടത്തുന്നതിനായി താൽപര്യമുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും താത്പര്യപത്രം ക്ഷണിക്കും, കോർപറേഷൻ പരിധിക്ക് പുറത്തുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും താൽപര്യപത്രം സമർപ്പിക്കാൻ അവസരമുണ്ടാകും.വലിയ ഷെൽട്ടർ നിർമ്മിക്കുന്നതിന് അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിന് യോജിച്ച് പ്രവര്ത്തിക്കാനും തീരുമാനിച്ചു.അക്രമസ്വഭാവമുള്ള തെരുവ് നായകളെ കണ്ടെത്തി ഷെൽട്ടറിലേക്ക് മാറ്റുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനായി മൂന്നംഗ സമിതി രൂപീകരിക്കാനും യോഗം തീരുമാനിച്ചു.
വളർത്തുനായകൾക്ക് ലൈസൻസ് എടുക്കുന്നതും മൈക്രോചിപ്പിംഗ് നടത്തുന്നതും കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി കോർപറേഷൻ പരിധിയിൽ വാർഡ് തലത്തിൽ പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കും.
പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം മൃഗക്ഷേമം സംരക്ഷിക്കുന്ന രീതിയിലുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്നും ജനങ്ങളുടെ സഹകരണത്തോടെ ഈ പ്രവർത്തനങ്ങൾ വിജയകരമായി മുന്നോട്ടുകൊണ്ടുപോകുമെന്നും മേയർ അറിയിച്ചു.ഡെപ്യൂട്ടി മേയർ ഡോ. എസ്.ജയശ്രീ , വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ വി.പി. മനോജ് , കോർപറേഷൻ സെക്രട്ടറി ഡി.സാജു, വെറ്റിനറി ഡോക്ടർ ശ്രീഷ്മ, മൃഗ സ്നേഹി സംഘടന പ്രവർത്തകർ പൊതു പ്രവർത്തകർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
തെരുവുനായ ആക്രമണം; വ്യാപാരികൾ ധർണ നടത്തി
പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്തിൽപെട്ട പന്തിരിക്കരയില് തെരുവു നായ ശല്യം വർധിച്ചു വരുന്നതിനെതിരേ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പന്തിരിക്കര യൂണിറ്റിന്റെ നേതൃത്വത്തിൽ ടൗണിൽ പ്രകടനം നടത്തി.
പ്രസിഡന്റ് സി.കെ. അബുബക്കർ, ജനറൽ സെക്രട്ടറി കെ. എം. അരവിന്ദക്ഷൻ എന്നിവർ നേതൃത്വം നൽകി. കഴിഞ്ഞ ദിവസം തെരുവുനായയുടെ ആക്രമണത്തില് ഒന്പത് വയസുകാരന് പരിക്കേറ്റിരുന്നു. രാവിലെ 6.30 ഓടെയാണ് സംഭവം. മദ്രസയിലേക്ക് പോകുന്നതിനിടെയാണ് പന്തിരിക്കര പല ചരക്ക് വ്യാപാരിയായ ആയിഷ മന്സില് സുലൈമാന്റെ മകന് ഹംദാനെ നായ ആക്രമിച്ചത്.
ചങ്ങരോത്ത് എംയുപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ് ഹംദാന്. നായയുടെ കടിയേറ്റ് കുട്ടിയുടെ കൈക്ക് പരിക്കേറ്റു. ഉടന് തന്നെ കുട്ടിയെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സ നല്കിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല് കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സ തുടരുകയാണ്.
പേരാമ്പ്രയിലെ ഹോട്ടല് തൊഴിലാളിയായ വേങ്ങേരിയില് രാജനും (54) രാവിലെ നായയുടെ കടിയേറ്റിരുന്നു. ഇദ്ദേഹവും കോഴിക്കോട് മെഡിക്കല് കോളജ് ആശുപത്രിയില് ചികിത്സയിലാണ്. തുടര്ച്ചയായി ഉണ്ടാകുന്ന നായയുടെ ആക്രമണങ്ങള് ആളുകളെ ആശങ്കയിലാക്കിയിരിക്കുകയാണ്.
District News
ഫോര്ട്ടുകൊച്ചി: കരുവേലിപ്പടി സര്ക്കാര് ആശുപത്രിയില് വീണ്ടും തെരുവുനായ അക്രമണം.
ഇന്നലെ രാവിലെ രോഗിയായ മകനുമൊത്ത് ആശുപത്രിയില് എത്തിയ വീട്ടമ്മയ്ക്ക് നേരെയാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്.
മുണ്ടംവേലി സ്വദേശി ലീന(50)യ്ക്കാണ് കാലിന് കടിയേറ്റത്. ഇവര്ക്ക് പ്രാഥമിക ചികിത്സ നല്കിയ ശേഷം എറണാകുളം ജനറല് ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസം ആശുപത്രിയില് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന ജീവനക്കാരനേയും തെരുവുനായ അക്രമിച്ചിരുന്നു. ആശുപത്രിയില് എത്തുന്ന രോഗികള്ക്കും ആശുപത്രി ജീവനക്കാര്ക്കും രക്ഷയില്ലാത്ത സാഹചര്യമാണിവിടെയെന്ന് പ്രദേശവാസികളും ആശുപത്രി ജീവനക്കാരും പറയുന്നു.
ഇവിടെ എത്തുന്നവരെ വരവേല്ക്കുന്നത് കൂട്ടമായി എത്തുന്നതെരുവുനായ്ക്കളാണ്.ഏതാനും മാസങ്ങള്ക്ക് മുമ്പ് ആശുപത്രിയിലെ നഴ്സിന് നേരെ അക്രമം ഉണ്ടായിരുന്നു. പത്തിലേറെ നായ്ക്കളാണ് ആശുപത്രി വളപ്പിലും പരിസരത്തും തമ്പടിച്ചിട്ടുള്ളത്.
നായ കൂട്ടങ്ങള് ആശുപത്രിയില് എത്തുന്നവര്ക്ക് നേരെ അക്രമ വാസനയോടെ ഓടി അടുക്കുന്നതും പതിവാണ്. നൂറ് കണക്കിനാളുകളാണ് ദിവസവും ആശുപത്രിയില് ചികിത്സ തേടി എത്തുന്നത്. പകലും രാത്രിയിലും ഇവ ഭീതി പടര്ത്തുന്ന സാഹചര്യമാണുള്ളത്.
District News
വെള്ളൂർ: വെള്ളൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ തമ്പടിച്ചിരിക്കുന്ന തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായിരിക്കുകയാണെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.
പഞ്ചായത്തിലാകെ ആയിരത്തോളം തെരുവുനായ്ക്കളുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം.
കഴിഞ്ഞ ദിവസം വീട്ടമ്മയടക്കം മൂന്ന് പേർക്ക് കടിയേറ്റ മടത്തേടം, പള്ളിക്കുന്ന് ഭാഗത്തുതന്നെ നൂറിലധികം തെരുവുനായ്ക്കളുണ്ട്. വെള്ളൂർ പമ്പ് ഹൗസ്, കമ്പനിപ്പടി, കേന്ദ്ര വിദ്യാലയം റോഡ്, പോലീസ് സ്റ്റേഷൻപടി, ആളൊഴിഞ്ഞ കമ്പനിയുടെ ക്വാർട്ടേഴ്സുകൾ, ഇഎസ്എ ആശുപത്രി പരിസരം തുടങ്ങിയ ഭാഗങ്ങളൊക്കെ തെരുവുനായ്ക്കൾ താവളമാക്കിയിരിക്കുകയാണ്.
നാളുകളായി വെള്ളൂർ പമ്പ് ഹൗസ്, കമ്പനിപ്പടി, കേന്ദ്ര വിദ്യാലയം റോഡ്, പോലീസ് സ്റ്റേഷൻപടി തുടങ്ങിയ ഭാഗങ്ങളിൽ തെരുവു വിളക്കുകൾ തെളിയുന്നില്ല.
ഇരുൾ മൂടിയ ഈ ഭാഗങ്ങളിൽ രാത്രികാലങ്ങളിൽ വാഹനങ്ങളിൽ ജൈവ മാലിന്യമടക്കം തള്ളുന്നതിനാൽ തെരുവുനായ്ക്കൾ ഇവിടെ പെരുകുകയാണ്.
ജനജീവിതത്തിന് കടുത്ത ഭീഷണിയായി തെരുവുനായ്ക്കൾ മാറിക്കഴിഞ്ഞതിനാൽ തെരുവുവിളക്കുകൾ തെളിക്കുന്നതിനും മാലിന്യം തള്ളലിനെതിരെ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Kerala
മലപ്പുറം: ഒതുക്കുങ്ങലിൽ വീടിനകത്ത് ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു. ഇന്ന് രാവിലെയാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.
മുഹമ്മദ് റാഫി - ജൗഹറ എന്നിവരുടെ കുഞ്ഞിനാണ് നായയുടെ കടിയേറ്റത്. മുഖത്തും ചെവിയിലും തലക്കും കടിയേറ്റ കുഞ്ഞ് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
പഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ ഇതേ നായ പലരെയും കടിച്ചു പരിക്കേൽപ്പിച്ചിട്ടുണ്ട്. നായയ്ക്കായി തെരച്ചിൽ തുടരുകയാണ്.
Kerala
തിരുവനന്തപുരം: ആറ്റിങ്ങലില് വാട്ടര് അതോറിറ്റി ജീവനക്കാരന് തെരുവുനായയുടെ കടിയേറ്റു. പാരിപ്പളളി സ്വദേശി റെജിനാണ്(42) കടിയേറ്റത്.
വാട്ടര് അതോറിറ്റി ആറ്റിങ്ങല് സെക്ഷന് കീഴിലെ ജീവനക്കാരനാണ് റെജിന്. ഇന്ന് വൈകുന്നേരം ഏഴോടെയാണ് സംഭവം. പമ്പ് ഹൗസില് ജോലിക്കിടെ തെരുവുനായ കാലില് കടിക്കുകയായിരുന്നു.
അതേ നായ പ്രദേശത്ത് മറ്റ് തെരുവുനായ്ക്കളെയും കടിച്ചിട്ടുണ്ട്. കാലിന് പരിക്കേറ്റ റെജിനെ പാരിപ്പളളി മെഡിക്കല് കോളജില് പ്രവേശിപ്പിച്ചു.
Kerala
അമ്പലപ്പുഴ: വിദ്യാർഥിനിക്ക് തെരുവുനായയുടെ കടിയേറ്റു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വണ്ടാനം വല്യത്തറയിൽ രാജു ജേക്കബിന്റെ മകൾ ആത്മിയ(8)ക്കാണ് തെരുവുനായയുടെ കടിയേറ്റത്. ബുധൻ വൈകിട്ട് 4.30 ഓടെ സ്കൂളിൽനിന്നു വീട്ടിലെത്തിയ ആത്മിയ നഹോദരിക്കൊപ്പം കടയിൽ പോകുമ്പോൾ വീടിനു സമീപത്തു വച്ച് പിന്നാലെ എത്തിയ നായ കടിക്കുകയായിരുന്നു. വലതുകാലിന്റെ മുട്ടിനു മുകളിൽ ആഴത്തിൽ മുറിവേറ്റ കുട്ടിയെ വീട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചു
Kerala
കൊല്ലം: ഇടമുളയ്ക്കല് ഗ്രാമപഞ്ചായത്തിൽ തെരുവുനായയെ വെടിവച്ച് കൊന്നു. പഞ്ചായത്ത് പ്രസിഡന്റ് ലിജു ആലുവിളയുടെ നേതൃത്വത്തിലാണ് നായയെ വെടിവെച്ചത്. നായ നാട്ടുകാരുടെ ജീവന് ഭീഷണി ഉയര്ത്തിയതോടെയാണ് പഞ്ചായത്തിന്റെ നടപടി.
തെരുവുനായയെക്കൊണ്ട് നാടാകെ പൊറുതിമുട്ടിയിരുന്നു. 12-ാം വാര്ഡില് കുട്ടികള് ഉള്പ്പെടെ മൂന്നുപേരെ ഈ നായ ആക്രമിച്ചിരുന്നു. നായയെ ഓടിക്കാനുളള ശ്രമങ്ങള് ഫലം കാണാതായതോടെയാണ് ലിജുവിന്റെ നേതൃത്വത്തില് വെടിവയ്ക്കാന് തീരുമാനിച്ചത്. ഷൂട്ടറെ ഉപയോഗിച്ച് വാർഡ് മെമ്പറുടെ സാന്നിദ്ധ്യത്തിലാണ് നായയെ വെടിവച്ചത്.
മനുഷ്യജീവന് ഭീഷണിയാകുന്ന സാഹചര്യങ്ങളില് അപകടകാരികളും അക്രമകാരികളുമായ തെരുവുനായ്ക്കളെ ദയാവധം ചെയ്യാന് സുപ്രീം കോടതി നേരത്തെ അനുമതി നല്കിയിരുന്നു. തെരുവുനായ്ക്കളുടെ എണ്ണം ആശങ്കാജനകമായ രീതിയില് വര്ധിക്കുകയും നിരന്തരമായ ആക്രമണങ്ങളുണ്ടാവുകയും പൊതുജന സുരക്ഷയ്ക്ക് ഭീഷണിയാവുകയും ചെയ്യുന്ന പ്രദേശങ്ങളില് മുന്സിപ്പല് കോര്പ്പറേഷനുകള്ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്ക്കും ദയാവധം നടപ്പാക്കാം എന്നായിരുന്നു കോടതി വിധി.
Kerala
കാഞ്ഞങ്ങാട്: കാസർഗോട് ജില്ലയിലെ കാഞ്ഞങ്ങാട് ആശുപത്രിയിൽ രോഗിക്ക് കൂട്ടിരിക്കാൻ എത്തിയ യുവാവിനെ തെരുവുനായ കടിച്ചു. അലാമിപള്ളി കല്ലംചിറ സ്വദേശി അബിൻ കെ. സതീഷിനാണ് ജില്ലാ ആശുപത്രിയുടെ മൂന്നാം നിലയിൽ വച്ച് കടിയേറ്റത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം.
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബന്ധുവിന്റെ രക്തപരിശോധനാ ഫലം വാങ്ങാൻ മൂന്നാം നിലയിലുള്ള ലബോറട്ടറിയിലേക്ക് പോയതായിരുന്നു അബിൻ. ഈ സമയത്താണ് മൂന്നാം നിലയിൽ തമ്പടിച്ചിരുന്ന നായ അബിന് നേരെ ചാടിവീണത്. നായയുടെ ആക്രമണത്തിൽ നിന്ന് സ്വയം രക്ഷപ്പെടാൻ കൈവീശിയപ്പോൾ കൈയിൽ കടിയേൽക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ നിന്ന് പ്രതിരോധ കുത്തിവയ്പ്പ് നൽകുകയും ചെയ്തു.
മകന് നായയുടെ കടിയേറ്റ വിവരം അറിയിച്ചപ്പോൾ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരിൽ നിന്നും വളരെ മോശം അനുഭവമാണ് ഉണ്ടായതെന്ന് അബിന്റെ അമ്മ സോണിയ ആരോപിച്ചു. ആശുപത്രി പരിസരത്ത് തെരുവുനായ ശല്യം വലിയ ഭീഷണിയാണെന്ന് നാട്ടുകാർ പറയുന്നു.
Kerala
തൃശൂര്: തെരുവുനായ പിന്തുടര്ന്നതിനെ തുടര്ന്ന് നിയന്ത്രണം വിട്ട സ്കൂട്ടര് മറിഞ്ഞ് പരിക്കേറ്റ വയോധിക മരിച്ചു. തൃശൂര് മുറ്റിച്ചൂരിലാണ് സംഭവം. മുറ്റിച്ചൂര് സ്വദേശിനിയായ 75 വയസുകാരി സുഹ്റയാണ് മരിച്ചത്.
മുറ്റിച്ചൂര് പാലത്തിന് സമീപം ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ബന്ധുവിനൊപ്പം സ്കൂട്ടറിന്റെ പുറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു സുഹ്റ. സ്കൂട്ടറിനടുത്തേക്ക് തെരുവുനായ ഓടിയെത്തുകയായിരുന്നു.
നായ പിന്തുടരുന്ന് കണ്ട് പേടിച്ച ബന്ധു സ്കൂട്ടറിന്റെ വേഗത കൂട്ടി. ഇതോടെ നിയന്ത്രണം വിട്ട സ്കൂട്ടറില് നിന്ന് സുഹ്റ താഴെ വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുഹ്റയെ ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Kerala
ഹരിപ്പാട്: താമല്ലാക്കലും പരിസരപ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമായിട്ട് നാളുകളേറെയായി. മുൻപും സ്കൂൾ വിദ്യാർഥികളടക്കം നിരവധി പേർക്ക് പ്രദേശത്ത് നായയുടെ കടിയേറ്റിട്ടുണ്ട്. റോഡരികുകളിൽ ഉന്തുവണ്ടികളിലും താല്ക്കാലിക ഷെഡുകളിലുമായി അനധികൃതമായി പ്രവർത്തിക്കുന്ന നിരവധി ഇറച്ചിക്കടകളാണ് പ്രദേശത്തെ പ്രധാന വില്ലൻ.
ഇറച്ചിക്കടകളിൽ നിന്നും നിയമവിരുദ്ധമായി റോഡരികിലും പൊതുസ്ഥലങ്ങളിലും തള്ളുന്ന അറവുമാലിന്യങ്ങൾ കഴിക്കാനായി വൻതോതിലാണ് തെരുവുനായ്ക്കൾ ഇവിടെ തമ്പടിക്കുന്നത്. ഇവ പലപ്പോഴും അക്രമാസക്തരായി കാൽനടയാത്രക്കാരെയും കുട്ടികളെയും ഓടിക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.
ഇത്തരം അനധികൃത ഇറച്ചിക്കടകൾക്കെതിരെയും തെരുവുനായ ശല്യത്തിനെതിരെയും തദേശസ്വയംഭരണ വകുപ്പിനും ആരോഗ്യ വിഭാഗത്തിനും നിരവധി തവണ പരാതി നൽകിയിട്ടും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. ജനങ്ങളുടെ ജീവന് ഭീഷണിയായ തെരുവുനായ്ക്കളെ അടിയന്തരമായി നിയന്ത്രിക്കണമെന്നും അനധികൃത മാലിന്യ നിക്ഷേപത്തിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.
Kerala
ഹരിപ്പാട്: കുമാരപുരത്ത് വീട്ടുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ചുവയസുകാരനെ തെരുവുനായ ക്രൂരമായി കടിച്ചുപരിക്കേൽപ്പിച്ചു. കുമാരപുരം ആറാം വാർഡ് താമല്ലാക്കൽ പുത്തൻപറമ്പിൽ അഖിൽവിശ്വം - ദിവ്യ ദമ്പതികളുടെ മകൻ അദ്വിക് (5)ആണ് ഗുരുതരമായി പരിക്കേറ്റത്.
കരുവാറ്റ എംജിഎം സ്കൂളിലെ യുകെജി വിദ്യാർഥിയാണ് അദ്വിക്. വൈകിട്ട് സ്കൂളിൽ നിന്നും വീട്ടിലെത്തിയ ശേഷം മുറ്റത്ത് സൈക്കിൾ ചവിട്ടുന്നതിനിടയിലാണ് സംഭവം. ഓടിയെത്തിയ നായ കുട്ടിയെ ചാടിവീണ് ആക്രമിക്കുകയായിരുന്നു.
മുഖത്തും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും അദ്വികിന് ആഴത്തിൽ കടിയേറ്റിട്ടുണ്ട്. കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ ബന്ധുക്കളും സമീപവാസികളും ചേർന്നാണ് നായയെ ഓടിച്ചത്. ഉടൻ തന്നെ കുട്ടിയെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ പരിശോധനകൾക്കായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Kerala
ആലപ്പുഴ: ആലപ്പുഴയിൽ തെരുവുനായ ആക്രമണത്തിൽ അഞ്ചുവയസുകാരന് ഗുരുതര പരിക്ക്. ഹരിപ്പാട് കുമാരപുരം ആറാം വാർഡ് താമല്ലാക്കൽ പുത്തൻപറമ്പിൽ അഖിൽവിശ്വം - ദിവ്യ ദമ്പതികളുടെ മകൻ അദ്വിക്കിനാണ് ആക്രമണത്തിൽ പരിക്കേറ്റത്.
കരുവാറ്റ എംജിഎം സ്കൂളിലെ യുകെജി വിദ്യാർഥിയാണ് അദ്വിക്. വെള്ളിയാഴ്ച വൈകുന്നേരം സ്കൂളിൽ നിന്നും വീട്ടിലെത്തിയ ശേഷം മുറ്റത്ത് സൈക്കിൾ ചവിട്ടിക്കളിക്കുമ്പോഴാണ് തെരുവുനായ ആക്രമിച്ചത്. കുട്ടിയുടെ നേരെ ഓടിയെത്തിയ ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിൽ കുട്ടിയുടെ മുഖത്തും ദേഹത്തും കടിയേറ്റിട്ടുണ്ട്. കുട്ടിയെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
District News
പേരൂര്ക്കട: ഒരു വയോധികനെ തെരുവു നായകള് ആക്രമിച്ചു പരിക്കേൽപ്പിച്ചതി നു പിന്നാലെ കണ്ണുതുറന്ന തിരുവനന്തപുരം നഗരസഭ കഴിഞ്ഞ രാത്രി മാത്രം ആറു തെരുവുനായകളെ പിടികൂടി. പകുതിയിലേറെ പ്രദേശത്ത് തെരുവു നായ കൾ ഇനിയും ശേഷിക്കുന്നുണ്ടെന്നാണ് പ്രദേശവാസികള് പറയുന്നത്.
നിരവധി ഇടറോഡുകള് ചേരുന്ന ഭാഗത്ത് വിവിധ സ്ഥലങ്ങളില്നിന്നു നായ കൾ വന്നുകൂടുന്നുണ്ട്. ഇവയ്ക്ക് മാംസാഹാരം നല്കുന്നവരാണ് നായകളെ അക്രമാസക്തരാക്കുന്നത്. ഭക്ഷണം ലഭിക്കാതെ വരുമ്പോള് ഇവ മനുഷ്യരെ ആക്രമിക്കുകയാണ്. വാഹനങ്ങളില് പോകുന്നവരെപ്പോലും നായകൾ ആക്രമിക്കുന്നുണ്ടെന്നും അതുകൊണ്ടുതന്നെ ഇരുചക്ര വാഹനങ്ങളുമായി ഇതുവഴിവരാന് ജനങ്ങള് ഭയക്കുന്നുണ്ടെന്നും പ്ര ദേശവാസികൾ ആരോപിക്കുന്നു.
പാര്ക്ക് ചെയ്തിരിക്കുന്ന ഓട്ടോറിക്ഷകളുടെയും കാറുകളുടെയും അടിയില് കിടക്കുന്ന നായ്ക്കള് വാഹനങ്ങള് എത്തുമ്പോള് ചാടിവീഴും. ഇവയെ ഫലപ്രദമായി വന്ധ്യംകരണം നടത്തുന്നതിന് അടിയന്തരനടപടികള് ഉണ്ടാകണമെന്നു കട്ടച്ചല് റസി. അസോസിയേഷന് ഭാരവാഹി അനില്കുമാര് ആവശ്യപ്പെടുന്നു.
കണ്ണിനു ഗുരുതര പരിക്കേറ്റ ചന്ദ്രന് ഒരു ശസ്ത്രക്രിയകൂടി വേണം
പേരൂര്ക്കട: തെരുവു നായകളുടെ ആക്രമണത്തില് കണ്ണുകലങ്ങി മുഖം വികൃതമായ നിലയില് ചികിത്സയിലുള്ള ഗൃഹനാഥന് ഒരു ശസ്ത്രക്രിയ കൂടി വേണം. വട്ടിയൂര്ക്കാവ് വേട്ടമുക്ക് കട്ടച്ചല് റോഡ് കെആര്ഡബ്ല്യുഎ 192 സായിപ്രഭയില് വാടകയ്ക്കു താമസിക്കുന്ന ചന്ദ്രനാണ് തെരുവു നായയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റത്.
വീട്ടില്നിന്നു കടയിലേക്കു പോകാന് പുറത്തിറങ്ങിയപ്പോഴാണ് തെരുവുനായകള് ചന്ദ്രനെ ആക്രമിച്ചത്. നില ത്തുവീണ ചന്ദ്രന്റെ കണ്ണിനു നായകളുടെ കടിയേറ്റതിനാ ൽ കണ്പോള നഷ്ടപ്പെട്ടു. കാഴ്ച തിരിച്ചുകിട്ടണമെങ്കില് ഒരു ശസ്ത്രക്രിയകൂടി നടത്തണം. ചുണ്ടുകളുടെ കുറേഭാഗവും നഷ്ടപ്പെട്ടു. ബാക്കിഭാഗത്തു തുന്നലുകളിട്ടു. നായകളുടെ ശല്യത്തെക്കുറിച്ച് അധികാരികളോടു നിരവധി തവണ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ലെന്നു കുടുംബം ആരോപിക്കുന്നു.
നായകളുടെ കടിയേറ്റു തൂങ്ങിയ കണ്ണിന്റെ ഭാഗം കൈകൊണ്ട് പൊത്തിപ്പിടിച്ചാണ് ചന്ദ്രൻ വീട്ടിലേക്കെത്തിയത്. ആശുപത്രിയിലേക്കു കൊണ്ടുപോകാന് ഭാര്യ സരോജവും മകളും മാത്രമാണുണ്ടായിരുന്നത്. സമീപവാസികളോട് ആവശ്യപ്പെട്ടിട്ടും ആരും ഒപ്പം പോകാന് തയാറായില്ല. ഇലക്ട്രിക് പണിയും ആശാരിപ്പണിയും ചെയ്തുവന്ന ചന്ദ്രന് പ്രായാധിക്യത്തിനിടയിലും ജോലിക്കുപോയിരുന്നതാണ്. ആ മാര്ഗമാണ് ഇപ്പോള് അടഞ്ഞിരിക്കുന്നത്. ആദ്യ ദിവസം മരുന്നിനും മറ്റുമായി 10,000 രൂപ ചെലവായി. തുടര്ന്നുള്ള ദിവസങ്ങളിലും പണച്ചെലവുണ്ട്. മകളുടെ ജോലിയാണ് ചന്ദ്രന്റെ കുടുംബത്തിനിപ്പോള് താങ്ങായിട്ടുള്ളത്.
കട്ടച്ചല് റസി. അസോസിയേഷന് ഭാരവാഹികള് ഇദ്ദേഹത്തെയും കുടുംബത്തെയും സഹായിക്കാന് മുന്നോട്ടുവന്നിട്ടുണ്ട്. ചന്ദ്രനുവേണ്ടി ഒരു സഹായനിധി രൂപീകരിക്കാനും ആവശ്യമായ സഹായം എത്തിക്കാനുമാണ് തീരുമാനിച്ചിട്ടുള്ളത്. ചന്ദ്രന് എത്രനാള് ചികിത്സ വേണ്ടിവരുമെന്നതിനെക്കുറിച്ച് ഡോക്ടർമാ രും വ്യക്തമാക്കിയിട്ടില്ല.
മധുവിനുനേരേയുള്ള നായകളുടെ ആക്രമണം വിവരിച്ച് ബന്ധുക്കള്
പേരൂര്ക്കട: ശനിയാഴ്ച അര്ധരാത്രിയോടുകൂടി തെരുവു നായകൾ വയോധികനെ കടിച്ചുപറിച്ച രംഗം വിവരിച്ച് ബന്ധുക്കള്. വലിയശാല സ്വദേശി മധു (65) വിനെയാണ് നായകള് ക്രൂരമായി ആക്രമിച്ചത്.
വലിയശാല കാവല്ലൂര് ക്ഷേത്ര പരിസരത്ത് നില്ക്കുകയായിരുന്ന മധു നായക്കൂട്ടത്തെ കണ്ടപ്പോൾ ആദ്യം ഓടിച്ചുവിടാന് ശ്രമിച്ചു. നടക്കാതെ വന്നപ്പോള് ഓടിരക്ഷപ്പെടാന് ശ്രമിച്ചു. അപ്പോഴേക്കും എല്ലാംകൂടി വളഞ്ഞിട്ട് ആക്രമണമായി. കൈകള്കൊണ്ട് ആട്ടിയോടിക്കാന് ശ്രമിച്ചപ്പോഴാണ് കടിയേറ്റത്. ഇതിനിടെ ഇടതുകൈയില്നിന്ന് മാംസം ഒന്നോടെ നായകൾ കടിച്ചെടുത്തു. ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന വേണുഗോപാല് (32), വിപിന് (22) എന്നിവര്ക്കും നായകളുടെ കടിയേറ്റെങ്കിലും പരിക്ക് ഗുരുതരമല്ല. നിലവില് തിരുവനന്തപുരം ജനറല് ആശുപത്രിയിൽ ചികിത്സയിലാണു മധു.
തന്റെ കൈ വികൃതമായതിലുള്ള മനോവിഷമത്തിലാണ് മധു ആശുപത്രിക്കിടക്കയില് കഴിയുന്നത്. ഇക്കാര്യത്തിൽ എന്തുചെയ്യാനാകുമെന്നു ഡോക്ടര്മാരും വ്യക്തമാക്കിയിട്ടില്ല. വേദനയ്ക്കുള്ള ഇന്ജ്ക്ഷനും മരു ന്നുകളും നല്കുന്നുണ്ട്.
മാംസം പോയഭാഗത്ത് പ്ലാസ്റ്റിക് സര്ജറി ചെയ്യുകമാത്രമാണ് ശാശ്വത പരിഹാരം. എന്നാല്പ്പോലും പഴയ പോലെയുള്ള അവസ്ഥയിലെത്താൻ സാധി ക്കുമോയെന്നു സംശയമുണ്ട്. പ്ലാസ്റ്റിക് സര്ജറിക്കുള്ള പണം കുടുംബത്തിന്റെ പക്കലില്ല. നിനച്ചിരിക്കാതെയുണ്ടായ തെരു വുനായ ആക്രമണത്തില് പകച്ചിരിക്കുകയാണ് കുടുംബം. വലിയശാല മുന് വാര്ഡ് കൗണ്സിലര് എസ്. കൃഷ്ണകുമാര് ആശുപത്രിയിലെത്തി മധുവിനോട് വിവരങ്ങള് തേടി.
വയോധികനുനേരേ ആക്രമണമുണ്ടായി മണിക്കൂറുകള്ക്കകം തിരുവനന്തപുരം നഗരസഭയുടെ ഡോഗ്സ്ക്വാഡ് ഊര്ജ്ജസ്വലമായി മുന്നിട്ടിറങ്ങി. നായകളുടെ ശല്യമുണ്ടെന്ന നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും പരാതികളെല്ലാം അവഗണിച്ച നഗരസഭ ഒടുവില് വിപത്തുണ്ടായപ്പോഴാണ് മുന്നിട്ടിറങ്ങിയതെന്ന ആരോപണം ഉയര്ന്നുകഴിഞ്ഞു. അതേസമയം മധുവിനെ കടിച്ചത് പേപ്പട്ടിയാണോയെന്ന സംശയവുമു ണ്ട്. മധുവിനെയും കുടുംബത്തെയും സഹായിക്കുന്നതിന് തിരുവനന്തപുരം നഗരസഭ ഇടപെടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Kerala
തിരുവനന്തപുരം: തലസ്ഥാനത്ത് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റ വയോധികൻ ഗുരുതരാവസ്ഥയിൽ. പാങ്ങോട് വേട്ടമുക്ക് കട്ടച്ചൽ റോഡിൽ കെആർഡബ്ല്യുഎ 192ൽ ചന്ദ്രനാണ് (69) അതിഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.
ചന്ദ്രന്റെ കണ്ണിലും ചുണ്ടിലും മൂക്കിലുമാണ് കടിയേറ്റത്. കൺപോള പൂർണമായും നായ കടിച്ചെടുത്തിരുന്നു. ഇയാൾക്ക് ഒരു ശസ്ത്രക്രിയ നടത്തിയിരുന്നു.
വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെ വീടിന് മുന്നിലാണ് സംഭവം. പാൽ വാങ്ങാൻ ഗേറ്റ് കടന്ന് പുറത്തിറങ്ങിയതാണ് ചന്ദ്രൻ. ഇതിനിടെ ഇവിടേയ്ക്ക് പാഞ്ഞെത്തിയ നായ്ക്കൂട്ടം ആക്രമിക്കുകയായിരുന്നു. മറ്റ് മൂന്ന് പേരെക്കൂടി നായ്ക്കൾ ആക്രമിച്ചെങ്കിലും ഇവരുടെ ആരുടെയും പരിക്ക് സാരമുള്ളതല്ല.
Kerala
മലപ്പുറം: മലപ്പുറം വെള്ളിയാമ്പുറത്ത് തെരുവുനായ ആക്രമണം. അഞ്ച് പേർക്ക് കടിയേറ്റു. വെള്ളിയാമ്പുറം അമ്പലപ്പടി, എസ്എൻ യുപി സ്കൂൾ പരിസരം തുടങ്ങിയ പ്രദേശങ്ങളിലാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്.
പരിക്കേറ്റവരിൽ ഒരാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റു നാലു പേരെ തിരുരങ്ങാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. കടിയേറ്റവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. കഴിഞ്ഞ ദിവസമാണ് തെരുവ് നായ ആക്രമണം ഉണ്ടായത്.
Kerala
തിരുവനന്തപുരം: അമ്മയുമായി പോകുന്നതിനിടെ തെരുവുനായ സ്കൂട്ടറിന് കുറുകെ ചാടിയുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കോഴിക്കോട് ഇരിങ്ങല്ലൂർ സ്വദേശി അതുൽ (26) ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ അതുലിന്റെ അമ്മ ജിഷ നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ രാത്രിയോടെ തുമ്പ ശാന്തിനഗർ മാർക്കറ്റിന് സമീപമായിരുന്നു അപകടം സംഭവിച്ചത്. അമ്മയെ സ്കൂട്ടറിന്റെ പിന്നിലിരുത്തി തുമ്പ സ്റ്റേഷൻകടവ് നെഹ്റു ജംഗ്ഷനിൽ നിന്നു വരികയായിരുന്നു അതുൽ. ഈ സമയം ഒരു തെരുവുനായ സ്കൂട്ടറിന് കുറുകെ ചാടുകയായിരുന്നു.
നായയുടെ ദേഹത്ത് സ്കൂട്ടർ ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട് ഇരുവരും റോഡിലേക്ക് തെറിച്ചുവീണു. വീഴ്ചയുടെ ആഘാതത്തിൽ അതുലിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ നാട്ടുകാരും പോലീസും ചേർന്ന് അതുലിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ ജിഷയുടെ ആരോഗ്യനില തൃപ്തികരമാണ്.
തുമ്പ വി.എസ്.എസ്.സി.യിൽ റിസർച്ച് വിദ്യാർഥിയാണ് അതുൽ. ഗവേഷണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് താമസിച്ചുവരികയായിരുന്നു.
Kerala
മലപ്പുറം: കെഎസ്ആര്ടിസി ഡിപ്പോയില് ബസിനടിയില് കിടന്ന തെരുവുനായ ഡ്രൈവറെ ആക്രമിച്ചു. കഴിഞ്ഞ ദിവസം മലപ്പുറത്തുനിന്നു കോഴിക്കോട്ടേക്കുള്ള ആദ്യ ട്രിപ്പ് എടുക്കാനായി എത്തിയ ഡ്രൈവര് അജ്മല് ബാബുവിനാണ് നായയുടെ ആക്രമണത്തില് ഗുരുതരമായി പരുക്കേറ്റത്. ഇദ്ദേഹത്തെ സഹപ്രവര്ത്തകര് ഉടന്തന്നെ മലപ്പുറം താലൂക്ക് ആശുപത്രിയില് പ്രവേശിപ്പിച്ചു.
അജ്മൽ ബസിനടുത്തേക്കു ചെന്നു ഡോര് തുറക്കാന് ശ്രമിക്കുന്നതിനിടെയാണ് ബസിനടിയില് കിടന്ന നായ ചാടിവീണത്. ഇദ്ദേഹത്തിന്റെ ശരീരത്തില് ആഴത്തില് മുറിവേല്പ്പിക്കുകയും ധരിച്ചിരുന്ന വസ്ത്രങ്ങള് കടിച്ചു കീറുകയും ചെയ്തു. ആശുപത്രിയില് പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് അടിയന്തര പ്രതിരോധ കുത്തിവയ്പ്പുകള് നല്കിയിട്ടുണ്ട്. ഓഫീസ് സമയങ്ങളില് കോഴിക്കോട് റൂട്ടില് യാത്രക്കാര് സ്ഥിരമായി ആശ്രയിക്കുന്ന പ്രധാന സര്വീസായിരുന്നു ഇത്. അധ്യാപകരും സ്ഥിരം യാത്രക്കാരും ബസ് സ്റ്റാന്ഡില് ഉണ്ടായിരുന്നു. എന്നാല്, ഡ്രൈവര്ക്ക് പരുക്കേറ്റതോടെ ഈ സര്വീസ് പൂര്ണമായി റദ്ദാക്കേണ്ടി വന്നു.
കഴിഞ്ഞ ദിവസം രാത്രിയില് ഡിപ്പോയില് വച്ച് യാത്രക്കാരിക്കും തൊട്ടുമുന്നിലെ ചായക്കടയ്ക്കു സമീപം മറ്റൊരു ഡ്രൈവര്ക്കും തെരുവുനായുടെ കടിയേറ്റിരുന്നു. ജില്ലാ ആസ്ഥാനത്തെ പ്രധാന ജംഗ്ഷനായ കുന്നുമ്മലിലും പരിസരത്തും തെരുവുനായ്ക്കളുടെ എണ്ണം വര്ധിച്ചിരിക്കുകയാണ്. ഡിപ്പോയിലെ തെരുവുനായ ശല്യത്തിന് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം നഗരസഭയ്ക്ക് കത്ത് നല്കിയതായി ജില്ലാ ട്രാന്സ്പോര്ട്ട് ഓഫീസര് പറഞ്ഞു. കൂടാതെ, ഡിപ്പോ പരിസരത്ത് നായ്ക്കള്ക്കു ഭക്ഷണം നല്കുന്നത് ഒഴിവാക്കണമെന്നും അതീവ ജാഗ്രത പാലിക്കണമെന്നും ജീവനക്കാര്ക്കു കര്ശന നിര്ദേശം നല്കിയിട്ടുണ്ട്.
Kerala
ആലപ്പുഴ: കായംകുളത്ത് നാല് മാസം മാത്രം പ്രായമുള്ള കുഞ്ഞിന് തെരുവുനായയുടെ ആക്രമണം. കായംകുളം പത്തിയൂര് പഞ്ചായത്ത് 17ാം വാർഡിലാണ് സംഭവം നടന്നത്. ശ്രീസധനത്തില് രാജമ്മയേയും നാല് മാസം പ്രായമുള്ള പേരക്കുട്ടിയെയുമാണ് തെരുവ് നായ ആക്രമിച്ചത്.
കുഞ്ഞ് രാജമ്മയുടെ കൈയിലിരിക്കുമ്പോഴാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. കുഞ്ഞിന്റെ കാലിന് നായയുടെ ആക്രമണത്തിൽ പരിക്കേറ്റു. പുല്ലുകുളങ്ങരയില് നിരവധിപേര്ക്ക് തെരുവുനായയുടെ ആക്രമണം ഏറ്റതായി നാട്ടുകാര് പറഞ്ഞു. പരിക്കേറ്റവരെ കായംകുളം താലൂക്ക് ആശുപത്രിയില് പ്രവേശിപ്പിച്ചു.
Editorial
ഈ രാജ്യം സമീപകാലത്തു കേട്ട ഏറ്റവും കാലികവും യാഥാർഥ്യം ഉൾക്കൊള്ളുന്നതുമായ വിധി സുപ്രീംകോടതി പുറപ്പെടുവിച്ചിരിക്കുന്നു. അക്രമകാരികളായ തെരുവുനായകളെ കൊല്ലാം! രാജ്യം കാത്തിരുന്ന വിധി. ഒരുനിമിഷം വൈകരുത്; കാലഹരണപ്പെട്ട നിയമങ്ങളും കപടമൃഗസ്നേഹികളും അവരുടെ വാലാട്ടികളായ രാഷ്ട്രീയക്കാരും കടിച്ചുകുടഞ്ഞ സ്വൈരജീവിതം എത്രയുംവേഗം തിരിച്ചുപിടിക്കണം.
മനുഷ്യർക്കു ദയാവധം അനുവദിക്കുന്പോൾ പമ്മിക്കിടക്കുന്നവർ, ചോരയൊലിക്കുന്ന മനുഷ്യശരീരം നൊട്ടിനുണയുന്ന നായകൾക്കു ദയാവധമെന്നു കേട്ടാൽ ചാടിയെഴുന്നേറ്റേക്കാം. കടിക്കാൻ അനുവദിക്കരുത്. കാൽനൂറ്റാണ്ടിലേറെ കോടികൾ മുടിപ്പിച്ച എബിസിയെന്ന നായവന്ധ്യംകരണ പ്രഹസനം, ശതകോടികളുടെ വാക്സിൻ കച്ചവടം തുടങ്ങിയവയിലൂടെയുള്ള ഖജനാവ് ചോർച്ചയും നിയന്ത്രിക്കാം. കേരളത്തിലെ വിനോദസഞ്ചാരമേഖലയ്ക്കും ഗുണകരമാകുന്ന ഈ വിധി നിയമക്കുരുക്കില്ലാതെ നടപ്പാക്കാൻ പുതിയ സർക്കാരിന് അവസരം ലഭിച്ചിരിക്കുകയാണ്. അട്ടിമറിച്ചാൽ മാപ്പില്ല.
മനുഷ്യജീവനു ഭീഷണിയാകുന്ന അപകടകാരികളായ നായ്ക്കളെ കൊല്ലാനാണ് സുപ്രീംകോടതി അനുവദിച്ചിരിക്കുന്നത്. ഇതു നടപ്പിലാക്കുന്ന ഉദ്യോഗസ്ഥർക്കെതിരേ ക്രിമിനൽ നടപടി എടുക്കരുതെന്നും വിധിയിലുണ്ട്. വിധിയിലില്ലെങ്കിലും, അങ്ങനെ നടപടിയെടുക്കാൻ ശേഷിയുള്ള ‘മായാവി’കൾ താക്കോൽസ്ഥാനങ്ങളിലുണ്ടെങ്കിൽ പൂട്ടണം. ജസ്റ്റീസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.ജെ. അൻജാരിയാ എന്നിവരടങ്ങിയ ബെഞ്ചിന്റെ മറ്റു പ്രധാന പരാമർശങ്ങൾ ഇങ്ങനെ: പൗരന്മാരുടെ സഞ്ചാരസ്വാതന്ത്ര്യം ഭരണഘടനാവകാശമാണ്. ഒരു ജീവിയെയും പേടിച്ച് അതില്ലാതാക്കാനാകില്ല.
തടസം നിൽക്കുന്നവർക്കെതിരേ നിയമനടപടിയെടുക്കണം. നായകളെ വന്ധ്യംകരണത്തിനുശേഷം സംരക്ഷണകേന്ദ്രങ്ങളിലേക്കു മാറ്റണം. പിടികൂടിയയിടത്തു തുറന്നുവിടരുതെന്ന മുൻ ഉത്തരവിൽ മാറ്റമില്ല. എബിസി ചട്ടങ്ങൾ പൂർണമായും നടപ്പാക്കുന്നതിൽ സർക്കാർ സംവിധാനങ്ങൾക്കു ഗുരുതര വീഴ്ച ഉണ്ടായി. എല്ലാ ജില്ലകളിലും പൂർണതോതിൽ പ്രവർത്തിക്കുന്ന എബിസി സെന്റർ വേണം. ആശുപത്രികളിൽ പ്രത്യേക സംവിധാനങ്ങളുടെയും വാക്സിനുകളുടെയും ലഭ്യത ഉറപ്പാക്കണം.
തീർന്നില്ല, റോഡുകളിൽ അലഞ്ഞുതിരിയുന്ന കന്നുകാലികൾ ഉൾപ്പെടെയുള്ള മൃഗങ്ങളെ നീക്കാനും കോടതി നിർദേശിച്ചിരിക്കുന്നു. വിപ്ലവകരം! ഈ അപക്വവും നിർബന്ധിതവുമായ മൃഗസ്നേഹത്തിന്റെ രൂക്ഷത ഉത്തരേന്ത്യയിൽ അങ്ങേയറ്റമാണ്. മനുഷ്യർക്കും വാഹനങ്ങൾക്കും ഒരിഞ്ചു നിങ്ങാനാകില്ല. കോടതി പറഞ്ഞതുകൊണ്ടു കുഴപ്പമില്ല. അല്ലെങ്കിൽ മതരാഷ്ട്രീയം കണ്ണുരുട്ടും. ഉത്തരവ് കാര്യക്ഷമമായി നടപ്പാക്കുന്നുണ്ടോയെന്നു പരിശോധിക്കാൻ രണ്ടംഗ ബെഞ്ച് രൂപീകരിക്കാൻ ഹൈക്കോടതികളെ സുപ്രീംകോടതി ചുമതലപ്പെടുത്തിയിട്ടുമുണ്ട്. നടപ്പാക്കിയവ ചീഫ് സെക്രട്ടറിമാർ ഓഗസ്റ്റ് അഞ്ചിനുള്ളിൽ ഹൈക്കോടതികളെ അറിയിക്കണം. ഹൈക്കോടതികൾ നവംബർ 17നുള്ളിൽ സുപ്രീംകോടതിയിൽ റിപ്പോർട്ട് സമർപ്പിക്കണം. ചരിത്രവിധിയാണിത്.
ബിജെപി, കോൺഗ്രസ്, സിപിഎം ഉൾപ്പെടെയുള്ള സർക്കാരുകൾ തോറ്റന്പിയിടത്താണ് കോടതിയുടെ ഇടപെടൽ. കേന്ദ്രം വൻ പരാജയമായിരുന്നു. രാജ്യം പോയിട്ടു രാജ്യതലസ്ഥാനംപോലും സുരക്ഷിതമാക്കാനായില്ല. പ്രതിപക്ഷവും നോക്കുകുത്തിയായി. പേവിഷബാധ മരണങ്ങള് ചൂണ്ടിക്കാട്ടി ഡല്ഹിയിലെ തെരുവുനായകളെ പിടികൂടി കൂട്ടിലടയ്ക്കാൻ കഴിഞ്ഞ ഓഗസ്റ്റിൽ സുപ്രീംകോടതി ഉത്തരവിട്ടപ്പോൾ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി പറഞ്ഞത്, തെരുവുനായകളെ മാറ്റുന്നത് ക്രൂരവും സഹതാപരാഹിത്യവുമാണെന്നാണ്.
ബദൽ മാർഗങ്ങളുണ്ടത്രേ. അതെന്താണെന്നു പക്ഷേ, കോൺഗ്രസ് മുഖ്യമന്ത്രിമാരോടുപോലും ഇന്നലെവരെ പറഞ്ഞുകൊടുത്തില്ല. കുഞ്ഞുങ്ങളടക്കം പതിനായിരങ്ങൾ നായ ആക്രമണത്തിൽ ചോരയൊലിപ്പിച്ചും നൂറുകണക്കിനാളുകൾ ഒരു തുള്ളി വെള്ളംപോലും കുടിക്കാനാകാതെ ലോകത്തെ ഏറ്റവും യാതനയേറിയ മരണത്തിനു കാത്തുകിടക്കുകയും ചെയ്യുന്പോഴാണ് ഭരണ-പ്രതിപക്ഷങ്ങളുടെ തെരുവുനായപ്രേമം! കടിയേറ്റ മനുഷ്യനേക്കാൾ കടിച്ച പട്ടിയോടു സഹതപിക്കുന്ന രാഷട്രീയമാണ് ഈ ചോരപ്പുഴയുടെ പ്രഭവകേന്ദ്രം. ജനപ്രതിനിധികൾ കടിച്ച മനുഷ്യർക്കു പരമോന്നതകോടതി വാക്സിൻ കണ്ടെത്തിയിരിക്കുന്നു.
തെരുവുനായ-വന്യജീവി ആക്രമണങ്ങൾക്കെതിരേ ദീപികയുടെയത്ര മുഖപ്രസംഗങ്ങൾ ഈ രാജ്യത്തുതന്നെ മറ്റാരും എഴുതിയിട്ടുണ്ടാകില്ല. എബിസി പരാജയപ്പെട്ടു കഴിഞ്ഞെന്നു വിദഗ്ധാഭിപ്രായത്തെ മുൻനിർത്തി സ്ഥാപിച്ചു. പെറ്റുപെരുകിയ തെരുവുനായകളെ നിയന്ത്രിക്കാവുന്ന ഘട്ടം കഴിഞ്ഞെന്നും കൊല്ലണമെന്നും സധൈര്യം എഴുതി. നാടുനിറഞ്ഞ് ജനങ്ങളെ കൊന്നൊടുക്കുന്ന പാന്പുകൾ ഉൾപ്പെടെയുള്ള വന്യജീവികളെ വേട്ടയാടുകയോ കൊല്ലുകയോ മാത്രമാണ് പ്രതിവിധിയെന്ന് ഈ രംഗത്തെ ശാസ്ത്രജ്ഞരെ ഉദ്ധരിച്ച് നേരെഴുതി.
നമുക്ക് ഒരു ജീവിയോടും വെറുപ്പില്ല. പക്ഷേ, നിസഹായരായ മനുഷ്യരുടെ ഛിന്നഭിന്നമായ മൃതദേഹങ്ങൾക്കും ജീവിതം തകർന്ന അവരുടെ പ്രിയപ്പെട്ടവർക്കും മുന്നിൽ നിന്നുകൊണ്ട് വന്യജീവികളെ സ്നേഹിക്കാൻ ബുദ്ധിമുട്ടുണ്ട്. പൗരന്മാരുടെ സഞ്ചാരസ്വാതന്ത്ര്യം ഭരണഘടനാവകാശമാണെന്നും ഒരു ജീവിയെയും പേടിച്ച് അതില്ലാതാക്കാനാകില്ലെന്നും സുപ്രീംകോടതി വിധിക്കുന്പോൾ, ഇതൊക്കെ അധികാരികളോടു പണ്ടേ പറഞ്ഞിരുന്നെന്ന അഭിമാനമുണ്ട്. ഈ സുപ്രീംകോടതിവിധിയെയും അട്ടിമറിക്കുകയാണെങ്കിൽ അതു നിയമം കൈയിലെടുക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നതിനു തുല്യമായിരിക്കും. തദ്ദേശസ്ഥാപനങ്ങൾ ഇന്നു പ്രവർത്തിച്ചുതുടങ്ങുക. ഇവിടെ സുരക്ഷാഭടന്മാരില്ലാത്ത മനുഷ്യർക്കും ജീവിക്കണം.
Kerala
പത്തനംതിട്ട: ഓമല്ലൂരില് മൂന്ന് വയസുകാരിയടക്കം നാല് പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മൃഗസംരക്ഷണവകുപ്പിന്റെ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്.
തിങ്കളാഴ്ച രാവിലെ ഓമല്ലൂർ പുത്തന് പീടികയില് നിന്നുമാണ് നായ ആക്രമണം തുടങ്ങിയത്. രാവിലെ നടക്കാൻ ഇറങ്ങിയവർ അടക്കമുള്ളവരെ നായ ആക്രമിച്ചു. പൈവള്ളി ഭാഗത്തേക്ക് എത്തിയ നായ ചരുവിൽ പ്രതിഭയുടെ മകൾ മൂന്നുവയസുകാരി സുകന്യയെ മാരകമായി കടിച്ച് മുറിവേൽപിച്ചു. കുട്ടിയുടെ കണ്ണിനും മുഖത്തുമാണ് നായയുടെ കടിയേറ്റത്.
ഓമല്ലൂർ പുത്തൻപീടിക സെന്റ് തോമസ് മാർത്തോമ്മാ പള്ളി വികാരി റവ.നിജോ ജോസ്, വലിയവീട്ടില് തെക്കേതില് വിമല (70), കൊട്ടാരത്തില് രാജന് (65) എന്നിവർക്കും പരിക്കേറ്റു. സുകന്യയെ കോട്ടയം മെഡിക്കൽ കോളജിലും മറ്റുള്ളവർക്ക് പത്തനംതിട്ട ജനറൽ ആശുപത്രിയിലും ചികിത്സ നൽകിയിരുന്നു. നായയെ പിന്നീട് നാട്ടുകാർ തല്ലിക്കൊല്ലുകയായിരുന്നു.
District News
ഓച്ചിറ: ചങ്ങൻകുളങ്ങര, വലിയകുളങ്ങര പ്രദേശങ്ങളിൽ ഭീതി പരത്തിയ തെരുവുനായ 10പേരെ കടിച്ചു.സാരമായി പരിക്കേറ്റ രണ്ടുപേരെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചങ്ങൻകുളങ്ങര പോക്കാട്ട് കിഴക്കതിൽ അദബിയാകുഞ്ഞ് (73), ചങ്ങൻകുളങ്ങര പട്ടയാട്ട് വീട്ടിൽ ഭാർഗവൻ (75) എന്നിവരെയാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.മറ്റ് എട്ടുപേരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സക്കുശേഷം വിട്ടയച്ചു.
കഴിഞ്ഞദിവസം വൈകുന്നേരം നാലോടെയാണ് നാടുനീളെ ഓടിനടന്ന നായ മുന്നിൽപെട്ടവരെയെല്ലാം കടിച്ചത്. നാട്ടുകാർ കൂട്ടംചേർന്ന് നായയെ തല്ലിക്കൊന്നു.
Kerala
പത്തനംതിട്ട: ഓമല്ലൂരിൽ വീടിനകത്തേക്ക് ഓടിക്കയറിയ തെരുവുനായ മൂന്നു വയസുകാരിയെ മാരകമായി ആക്രമിച്ചു. കുട്ടിയുടെ കണ്ണിനും മുഖത്തുമാണ് നായയുടെ കടിയേറ്റത്. ഓമല്ലൂർ പൈവള്ളി ചരുവിൽ പ്രതിഭയുടെ മകൾ സുകന്യയെയാണ് ആക്രമിച്ചത്.
വീടിന്റെ അടുക്കള വാതിലിലൂടെയാണ് നായ അകത്തു പ്രവേശിച്ചത്. അകത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ ആണ് നായ ആക്രമിച്ചത്. ബഹളം കേട്ട് ഓടിയെത്തിയ അമ്മയാണ് കുഞ്ഞിനെ നായയിൽ നിന്നു രക്ഷിച്ചത്.
അപ്പോഴേക്കും മുഖത്തും കണ്ണിനും മുറിവേറ്റിരുന്നു. ഗുരുതരമായ പരിക്കേറ്റ സുകന്യയെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇതേസ്ഥലത്ത് രാവിലെ നടക്കാനിറങ്ങിയ ഒരു വൈദികനെയും വയോധികനെയും നായ ആക്രമിച്ചിരുന്നു. അതേനായ തന്നെയാണ് മൂന്നുവയസുകാരിയെയും കടിച്ചതെന്ന് കരുതുന്നു.
National
ജയ്പൂർ: രാജസ്ഥാനിലെ ബൂന്ദിയിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ഒമ്പത് വയസുകാരി മരിച്ചു. മൂന്നാം ക്ലാസ് വിദ്യാർഥിനി റിങ്കു ഭീലാണ് മരിച്ചത്. വീടിന് സമീപമുള്ള വയലിൽ നിൽക്കുമ്പോഴായിരുന്നു ഒരു കൂട്ടം തെരുവുനായ്ക്കൾ ചേർന്ന് റിങ്കുവിനെ ആക്രമിച്ചത്.
ശരീരത്തിന്റെ പല ഭാഗങ്ങളിലും നായ്ക്കൾ കടിച്ചുകീറി. റിങ്കുവിന്റെ നിലവിളി കേട്ട് ഓടിയെത്തിയ വീട്ടുകാർ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വിവരമറിഞ്ഞ് ലോക്സഭാ സ്പീക്കർ ഓം ബിർള പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ചിക്കുകയും ഒരു ലക്ഷം രൂപ കൈമാറുകയും ചെയ്തു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംഭവത്തിൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: പൂവച്ചലിൽ തെരുവുനായയുടെ ആക്രമണത്തില് 12 പേര്ക്ക് പരിക്ക്. പൂവച്ചല് പഞ്ചായത്തിലെ മൂന്ന് വാര്ഡുകളിലായിരുന്നു നായയുടെ ആക്രമണം.
പലരുടെയും മുഖത്തും കൈകാലുകളിലും ആഴത്തിൽ മുറിവേറ്റു. വളര്ത്തുനായകളെയും കോഴികളെയും നായ ആക്രമിച്ചു. നായയെ പിന്നീട് നാട്ടുകാർ തല്ലിക്കൊന്നു.നായ പേവിഷബാധയുടെ ലക്ഷണങ്ങള് കാണിച്ചിരുന്നതായും നാട്ടുകാര് പറയുന്നു.
Kerala
തിരുവനന്തപുരം: കടയ്ക്കാവൂരിൽ തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് 10 വയസുകാരന് ദാരുണാന്ത്യം. ബുധനാഴ്ച വൈകുന്നേരം 3.15ഓടെ കടയ്ക്കാവൂര് നിലയ്ക്കാമുക്കിലാണ് അപകടമുണ്ടായത്.
സ്വദേശി ബിജി-വാള്ട്ടര് ദമ്പതികളുടെ മകന് ബിനോയ് ആണ് മരിച്ചത്. ബിനോയിയും അമ്മയും സഹോദരിയും ഓട്ടോയില് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. തെരുവുനായ കുറുകെ ചാടിയതോടെ ഓട്ടോ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
തുടർന്ന് മറ്റൊരു വാഹനത്തിൽ ഇവരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ബിനോയിയുടെ ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ അമ്മ ബിജി, മാമ്പള്ളി സ്വദേശിയായ ഡ്രൈവർ ഗുലായിസ് എന്നിവർക്ക് പരിക്കേറ്റു.
ബിനോയിയുടെ മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയായിരുന്നു.
Kerala
കൊച്ചി: മൂവാറ്റുപുഴയിൽ 13 പേരെ കടിച്ച നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. സ്റ്റുമോർട്ടത്തിലാണ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചത്.
നായയുടെ കടിയേറ്റ എല്ലാവർക്കും ആദ്യ ഡോസ് വാക്സിൻ നൽകിയതിനാൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. നായ ചത്തതിന് പിന്നാലെ നഗരസഭ അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലിരുത്തി.
ഗവൺമെന്റ് ആശുപത്രി, വെറ്റിനറി ആശുപത്രി പ്രതിനിധികളും, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും യോഗത്തില് പങ്കെടുത്തിരുന്നു. സമാന ലക്ഷണങ്ങളുള്ള മറ്റൊരു നായയെ കണ്ടെത്തിയതിനാല്, ഡോഗ് കാച്ചേഴ്സിനെ വിളിപ്പിച്ച് മുന്കരുതല് നടപടി സ്വീകരിക്കാനും, നഗരപരിധിയിലെ നായകൾക്ക് വാക്സിനേഷൻ നൽകാനും തീരുമാനമായി.
National
ഭോപ്പാൽ: മധ്യപ്രദേശിലെ സത്നയിൽ തെരുവുനായയുടെ ആക്രമണത്തിൽ നാൽപ്പതോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. നഗരത്തിലെ ഗഹ്റ നാലാ മുതൽ ഹോസ്പിറ്റൽ ചൗക്ക് വരെയുള്ള ഭാഗങ്ങളിലാണ് നായ ആക്രമണം നടത്തിയത്.
പരിക്കേറ്റവർക്കെല്ലാം പ്രാഥമിക ചികിത്സയും പേവിഷബാധക്കെതിരെയുള്ള കുത്തിവയ്പ്പും നൽകിവരുന്നതായി ഡോക്ടർമാർ പറഞ്ഞു. പ്രദേശത്തെ കടയിലെത്തിയവർക്കും കാൽനടയാത്രക്കാർക്കും നേരെയാണ് ആക്രമണം ഉണ്ടായത്.
മുന്പും മധ്യപ്രദേശിലെ ഇൻഡോറിലും സമാനമായ രീതിയിൽ തെരുവുനായ്ക്കൾ ആക്രമിച്ചിരുന്നു.
Kerala
കോഴിക്കോട്: ഒളവണ്ണയിൽ തെരുവുനായയുടെ ആക്രമണം. എട്ട് പേർക്ക് നായയുടെ കടിയേറ്റു. സമീപം തലാഞ്ചേരിയിൽ ആണ് തെരുവ് നായയുടെ ആക്രമണം നടന്നത്.
ബുധനാഴ്ച വൈകുന്നേരവും ഇന്ന് രാവിലെയുമാണ് നായ ആളുകളെ ആക്രമിച്ചത്. വീട്ടുമുറ്റത്ത് നിൽക്കുന്നവർക്കും റോഡിലൂടെ നടന്നു പോകുന്നവർക്കുമാണ് കടിയേറ്റത്.
മൂന്നു വയസുള്ള കുട്ടിക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ എട്ടുപേരേയും കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. നായയെ ഇതുവരേയും പിടികൂടാനായില്ല.
Kerala
കോഴിക്കോട്: നാദാപുരത്ത് എഎസ്ഐ ഉൾപ്പെടെ അഞ്ച് പേർക്ക് തെരുവുനായയുടെ കടിയേറ്റു. സ്റ്റേഷൻ കോന്പൗണ്ടിൽ വച്ചാണ് എസ്ഐയ്ക്ക് കടിയേറ്റത്. സ്റ്റേഷന് സമീപം കെട്ടിടനിർമാണ പ്രവർത്തനങ്ങൾക്കെത്തിയ തൊഴിലാളിക്കൾക്കും കടിയേറ്റു.
ഇന്ന് രാവിലെയാണ് നായയുടെ ആക്രമണമുണ്ടായത്. നാദാപുരം സ്റ്റേഷനിലെ എഎസ്ഐ മനോജിന്റെ കാലിനാണ് കടിയേറ്റത്. നാല് ഇതര സംസ്ഥാന തൊഴിലാളികളെയാണ് മനോജിനെ കൂടാതെ നായ ആക്രമിച്ചത്.
പരിക്കേറ്റ എല്ലാവരെയും താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നായയെ പിടികൂടാനുള്ള ശ്രമം നടക്കുന്നതായി പോലീസ് അറിയിച്ചു.
Kerala
പത്തനംതിട്ട: കൊടുമണ്ണിൽ ഇരട്ട കുട്ടികളെ തെരുവ് നായ കടിച്ചു. എൽകെജി വിദ്യാർഥികളായ വിവേക്, വിവേകി എന്നീ കുട്ടികൾക്കാണ് പരിക്കേറ്റത്. വിവേകിയുടെ മുഖത്താണ് തെരുവ് നായ കടിച്ചത്.
പ്രാഥമിക ചികിത്സകൾക്ക് ശേഷം കുട്ടികളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
കുട്ടികൾ ഇരുവരും ട്യൂഷൻ കഴിഞ്ഞ് മടങ്ങി വരുന്ന സമയത്തായിരുന്നു തെരുവ് നായ ആക്രമണം ഉണ്ടായത്.
Kerala
പത്തനംതിട്ട: കൊടുമണിൽ തെരുവുനായയുടെ കടിയേറ്റ് എൽകെജി വിദ്യാർഥികളായ ഇരട്ടക്കുട്ടികൾക്ക് ഗുരുതര പരിക്ക്. എൽകെജി വിദ്യാർഥികളായ പറന്തൽ പൊങ്ങലടി തെങ്ങുവിളയിൽ വിവേക്, വിവേകി എന്നീ കുട്ടികൾക്കാണ് മുഖത്തുൾപ്പെടെ നായയുടെ കടിയേറ്റത്.
വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവമുണ്ടായത്. കുട്ടികൾ ഇരുവരും ട്യൂഷൻ കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം. മുഖത്തും കൈകൾക്കും ഗുരുതര പരുക്കേറ്റിട്ടുണ്ട്. ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവരെ കൂടാതെ കരിപ്പോലിൽ വീട്ടിൽ സുജ, മടുക്കവിളയിൽ ഷിജു എന്നിവർക്കും നായയുടെ കടിയേറ്റു സുജയുടെ ഇടതു കൈയ്ക്കും ഷിജുവിന്റെ മുഖത്തുമാണ് കടിയേറ്റത്. നായയെ നാട്ടുകാർ തല്ലിക്കൊന്നു.
Kerala
തൃശൂര്: തൃശൂർ എരുമപ്പെട്ടിയിൽ വയോധികയെ ആക്രമിച്ച തെരുവ് നായയെ പിടികൂടി. നാട്ടുകാരും നായപിടിത്തക്കാരും സംയുക്തമായാണ് പുലർച്ചയോടെ നായയെ പിടികൂടിയത്. എരുമപ്പെട്ടി സ്വദേശി കാർത്യായിനി(84) ആണ് നായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
വ്യാഴാഴ്ച വൈകിട്ട് ആറോടെയാണ് കിടപ്പുരോഗിയായ വയോധികയെ തെരുവ് നായ ആക്രമിച്ചത്. ഇവർക്കൊപ്പം മുറിയിൽ ഉണ്ടായിരുന്ന മാനസിക വെല്ലുവിളി നേരിടുന്ന മകൻ ദേവദാസനെയും നായ കടിച്ച് പരിക്കേൽപ്പിച്ചിരുന്നു.
ഇരുവർക്കും ഭക്ഷണവുമായി കാർത്യായനിയുടെ ഇളയ മകൻ മണി എത്തിയപ്പോഴാണ് ചോര തളംകെട്ടിയ നിലയിൽ കാർത്യായനിയുടെ മൃതദേഹം കണ്ടത്. കാർത്യായനിയുടെ മുഖമടക്കം ശരീരമാസകലം വികൃതമാക്കപ്പെട്ട നിലയിലായിരുന്നു.
വയോധികയുടെ മുഖം ഉൾപ്പെടെ നായയുടെ ആക്രമണത്തിൽ വികൃതമായിരുന്നു. നാട്ടുകാരും പോലീസും ചേർന്ന് രാത്രി വൈകിയും നായക്കായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടർന്ന് അർധരാത്രിക്ക് ശേഷം നടത്തിയ തെരച്ചിലിലാണ് നായയെ പിടികൂടാനായത്.
തൃശൂർ മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുന്ന കാർത്യായനിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.
Special News
സ്വന്തം കുഞ്ഞിന്റെ ജീവന് നടുറോഡില് പൊലിയുന്നത് നെഞ്ചുപൊട്ടി കാണേണ്ടി വന്നൊരു അമ്മ, ലോറി തട്ടി നടുറോഡില് കിടന്ന കുഞ്ഞിനെ വാരിയെടുത്ത് രക്ഷിക്കാന് ആവത് ശ്രമിച്ചൊരു മാതൃഹൃദയം.
കുഞ്ഞിന്റെ ചേതനയറ്റ ശരീരവുമായി തെരുവില് അലഞ്ഞവള്. അവള്ക്ക് പേരില്ല, സ്നേഹത്തിന്റെയും മാതൃത്വത്തിന്റെയും മഹിതമായ മനസുള്ളവരുടെ കണ്ണുകള് ഈറനണിയിപ്പിച്ച അവളൊരു മിണ്ടാപ്രാണി തെരുവുനായ.
എടപ്പാള് - കുറ്റിപ്പുറം റോഡില് വിക്ടറി ഐടിക്ക് മുന്നിലായിരുന്നു തന്റെ കുഞ്ഞിനെ അപകടത്തില് നഷ്ടമായ തെരുവുനായയുടെ വേദനയാല് നിറഞ്ഞ നിമിഷങ്ങള്. ലോറിയിടിച്ച് ജീവന് വേണ്ടി പിടയുന്ന തന്റെ കുഞ്ഞിനെ രക്ഷപ്പെടുത്താന് മനുഷ്യരുടെ സഹായം അഭ്യര്ഥിക്കുന്ന വികാര നിര്ഭരരംഗങ്ങളായിരുന്നു അത്.
Kerala
ആലപ്പുഴ: ഹരിപ്പാട്ട് തെരുവുനായ ആക്രമണത്തിൽ മൂന്ന് ആടുകൾ ചത്തു. വെട്ടുവേനി വഞ്ചിപ്പറമ്പിൽ മനൂപ് കുമാറിന്റെ ഭാര്യ ജലജയുടെ ആടുകളെയാണ് നായ്ക്കൂട്ടം കടിച്ചുകൊന്നത്.
മനൂപിന്റെ സഹോദരിയെ യാത്രയാക്കാൻ റെയിൽവേ സ്റ്റേഷനിൽ പോയ സമയത്ത് വീടിന് സമീപത്തെ വയലിൽ കെട്ടിയിരുന്ന ആടുകളെയാണ് ആക്രമിച്ചത്. മുൻപും സമാനമായ രീതിയിൽ ഈ പ്രദേശത്ത് പന്ത്രണ്ടോളം ആടുകളെ തെരുവുനായ്ക്കൾ കൊന്നിരുന്നു.
മനൂപിന്റെ ജ്യേഷ്ഠന്റെ ഭാര്യ മീരയ്ക്കും വെള്ളിയാഴ്ച രാവിലെ തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റ മീര ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രദേശത്ത് വർധിച്ചുവരുന്ന തെരുവുനായ ശല്യം അവസാനിപ്പിക്കാൻ നഗരസഭാ അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Kerala
ഹരിപ്പാട്: മുറ്റത്തു കളിച്ചുകൊണ്ടിരുന്ന മൂന്നുവയസുള്ള കുട്ടിയുടെ വലതുകൈയിലെ ചെറുവിരൽ തെരുവുനായ കടിച്ചെടുത്തു. വിരലിന്റെ പകുതിയോളം നഷ്ടപ്പെട്ടു. പിലാപ്പുഴ നന്ദനം വീട്ടിൽ ജിതേഷിന്റെയും രേവതിയുടെയും മകൻ ശിവാംശിനെയാണ് നായ ആക്രമിച്ചത്.
തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. രേവതിയുടെ അച്ഛൻ ഉണ്ണിക്കൃഷ്ണക്കുറുപ്പും അമ്മ വനജയും വീട്ടിലുണ്ടായിരുന്നു. അവർക്കൊപ്പമായിരുന്ന കുഞ്ഞ് വരാന്തയിൽ കളിക്കുകയായിരുന്നു. ഇതിനിടെ മുറ്റത്തിറങ്ങിയ കുഞ്ഞിനെ തെരുവുനായ ഓടിവന്ന് കടിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.
രക്തംവാർന്ന കൈയുമായി ഉടനേ ആശുപത്രിയിലെത്തിച്ചു കുഞ്ഞിനു പ്രതിരോധ വാക്സിൻ നൽകി. 48 മണിക്കൂർ നിരീക്ഷണത്തിൽ തുടരാൻ ഡോക്ടർ നിർദേശിച്ചു. പ്ലാസ്റ്റിക് സർജറി വേണ്ടിവരുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.
Kerala
ആലപ്പുഴ: ചെറിയനാട് തെരുവുനായയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. ചെറിയനാട് സ്വദേശി ആനന്ദിനാണ് നായയുടെ കടിയേറ്റത്.
ഇന്ന് ഉച്ചയ്ക്കാണ് സംഭവമുണ്ടായത്. ആനന്ദ് കടയിൽ നിന്ന് ഭക്ഷണം കഴിക്കാനായി വീട്ടിലേയ്ക്ക് പോകുന്നതിനിടെയാണ് നായ ആക്രമിച്ചത്. ആനന്ദിന്റെ കൈയ്ക്കും കാലിനും സാരമായി പരിക്കേറ്റിട്ടുണ്ട്.
ആനന്ദ് തള്ളിമാറ്റാൻ ശ്രമിച്ചെങ്കിലും നായ പിടിവിട്ടില്ല. തുടർന്ന് ബഹളം വച്ചത് കേട്ട് സ്ഥലത്തെത്തിയ നാട്ടുകാർ കയറിട്ട് നായയെ ബന്ധിക്കുകയും പിന്നീട് തല്ലിക്കൊല്ലുകയും ചെയ്തു. ആനന്ദ് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Kerala
എടത്വ: കെഎസ്ആർടിസി ഡിപ്പോയിൽ തെരുവുനായയുടെ ആക്രമണത്തിൽ യാത്രക്കാരനു പരിക്ക്. എടത്വാ സ്വദേശിയായ തോട്ടുമാലിച്ചിറ വീട്ടിൽ ടി.കെ. നടരാജനാണ് കാലിൽ കടിയേറ്റത്.
വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. വീട്ടിലേക്കു പോകാൻ ബസിലേക്കു കയറാൻ ശ്രമിക്കുന്നതിനിടെ നടരാജനെ തെരുവുനായ ആക്രമിക്കുകയായിരുന്നു. ഇയാളെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു ചികിത്സനൽകി.
അതേസമയം, ബസ് ഡിപ്പോ പ്രദേശത്ത് തെരുവുനായശല്യം രൂക്ഷമായത് യാത്രക്കാരെ വലയ്ക്കുന്നതായാണ് പരാതി. ഇതു നിയന്ത്രിക്കാൻ ബന്ധപ്പെട്ട അധികാരികൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്.
Kerala
കൊച്ചി: ഉദയംപേരൂരില് വീട്ടമ്മയുടെ തല കടിച്ചുകീറി തെരുവുനായ. ശനിയാഴ്ച രാവിലെ ഏഴോടെയാണ് ഉദയംപേരൂര് അതിര്ത്തി റോഡ് തെക്കേ പുളിപ്പറമ്പില് സതിക്ക് (52) തെരുവുനായയുടെ കടിയേറ്റത്. ഓടിവന്ന നായ മുറ്റമടിക്കുകയായിരുന്ന സതിയുടെ തലയില് ആഴത്തില് കടിച്ചു വലിക്കുകയായിരുന്നു.
മാംസം അടര്ന്നതിനെത്തുടർന്നു വെട്ടുകൊണ്ടതു പോലെ ആഴത്തില് മുറിവുണ്ടായി. ഭര്ത്താവ് വിജയനും നാട്ടുകാരും ചേർന്ന് സതിയെ ആദ്യം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലും തുടര്ന്ന് എറണാകുളം ജനറല് ആശുപത്രിയിലും എത്തിച്ചു. നിലവില് എറണാകുളം മെഡിക്കല് കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
തൃപ്പൂണിത്തുറ പുതിയകാവിലും ഉദയംപേരൂര് പ്രദേശത്തുമായി തെരുവുനായ ആക്രമണത്തില് നാലുവയസുള്ള കുട്ടി ഉള്പ്പെടെ ഏഴു പേര്ക്കാണ് ഗുരുതര പരിക്കേറ്റത്. ഉദയംപേരൂര് ഉദയഗിരി റോഡ് ഭാഗത്ത് വാടക വീട്ടില് താമസിക്കുന്ന തമിഴ്നാട് സ്വദേശി തങ്കവേലുവിന്റെ നാലു വയസുകാരനായ മകന് ഭുവനേശിനെ നായ ആക്രമിച്ചത് അങ്കണവാടിയില്നിന്നു വീട്ടിലേക്കു വരുന്ന വഴിക്കാണ്. വെള്ളിയാഴ്ച വൈകുന്നേരം 4.30ന് വീടിനു സമീപത്തെ അങ്കണവാടിയില്നിന്നു വീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു സംഭവം. കുട്ടിയുടെ കവിളിലും ചുണ്ടിലും നായയുടെ കടിയേറ്റു.
ഉദയംപേരൂര് വലിയകുളം കിഴക്ക് ആരോണ് എന്ന പന്ത്രണ്ടുകാരനും തെരുവുനായയുടെ കടിയേറ്റു. കുട്ടിയുടെ തലയ്ക്കും മുഖത്തും മുതുകിലും മുറിവുണ്ട്. ആശുപത്രിയില് ചികിത്സ തേടി.
വീട്ടിലേക്കു കയറി വന്നാണ് ഉദയംപേരൂര് ഉദയഗിരി നഗര് മാടാനയില് അന്നമ്മയെ(60) തെരുവുനായ കടിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു ഇത്. രണ്ടു കൈത്തണ്ടയിലും കടിയേറ്റു. ഇടതു കൈത്തണ്ടയില് കടിച്ചിട്ടു പോയ നായ പിന്നിടു തിരിച്ചുവന്നു വലതു കൈത്തണ്ടയിലും കടിക്കുകയായിരുന്നു. വലതു കൈക്ക് ആഴത്തിലുള്ള മുറിവുണ്ട്.
Kerala
കോഴിക്കോട്: തെരുവുനായയുടെ ആക്രമണത്തിൽ വിദ്യാർഥിനിക്ക് പരിക്കേറ്റു. കോഴിക്കോട് പ്രൊവിഡന്സ് സ്കൂളിലെ ഒന്പതാം ക്ലാസ് വിദ്യാര്ത്ഥിയായ യാഷികയ്ക്കാണ് കാലില് കടിയേറ്റത്. രാവിലെ ഒന്പതോടെ സ്കൂളിലേയ്ക്ക് പോകവേയാണ് തെരുവ് നായയുടെ ആക്രമണമുണ്ടായത്.
അരീക്കാട് വച്ചാണ് സംഭവം നടന്നത്. സ്കൂളിലേയ്ക്ക് പോകാനായി ബസ് സ്റ്റോപ്പിലേക്ക് നടക്കവേ വിദ്യാര്ഥിനിയുടെ പിന്നാലെയെത്തിയ നായ കാലില് കടിക്കുകയായിരുന്നു. യാഷിക പേടിച്ച് നിലവിളിച്ചതോടെ നായ മറ്റൊരു സ്ഥലത്തേയ്ക്ക് പോയി.
കാലില് സാരമായി പരിക്കേറ്റ വിദ്യാർഥിനിയെ കോഴിക്കോട് മെഡിക്കല് കോളേജ് ആശുപത്രിയില് എത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്കി. കഴിഞ്ഞ ദിവസവും ഇതിന് സമീപപ്രദേശത്ത് തെരുവ്നായ ആക്രമണമുണ്ടായിരുന്നു.
National
ഹൈദരാബാദ്: തെലുങ്കാനയിൽ തെരുവ് നായ്ക്കളെ കൂട്ടത്തോടെ വിഷം കുത്തിവച്ചു കൊന്നു. സംഭവത്തിൽ ഹനംകൊണ്ട, കാമറെഡ്ഡി ജില്ലകളിലെ ഏഴ് ഗ്രാമത്തലവന്മാർ ഉൾപ്പെടെ 15പേർക്കെതിരെ നിയമനടപടി ആരംഭിച്ചു.
കുറഞ്ഞത് കുറഞ്ഞത് 500 നായ്ക്കളെ കൊന്നതായാണ് വിവരം. പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ സമയത്ത് നല്കിയ വാഗ്ദാനങ്ങള് പാലിക്കാന് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളാണ് തെരുവുനായ്ക്കളെ കൊന്നതെന്നാണ് സൂചന.
ഡിസംബര് അവസാനത്തോടെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്, തെരുവുനായ്ക്കളുടെയും കുരങ്ങുകളുടെയും ശല്യം ഇല്ലാതാക്കുമെന്നു സ്ഥാനാർഥികളായവര് വാഗ്ദാനം ചെയ്തിരുന്നു. ഇത് പാലിക്കാന് വേണ്ടി നായ്ക്കളെ കൊലപ്പെടുത്തി ഗ്രാമങ്ങളിലെ പ്രാന്ത പ്രദേശങ്ങളില് കുഴിച്ചിടുകയായിരുന്നു.
സംഭവം അറിഞ്ഞു സ്ഥലത്ത് എത്തിയ വെറ്ററിനറി വിദഗ്ധര് ജഡങ്ങൾ തിരിച്ചെടുത്ത് പരിശോധന നടത്തി. മരണത്തിന്റെ യഥാര്ഥ കാരണം കണ്ടെത്താന് സാമ്പിളുകള് ഫോറന്സിക് സയന്സ് ലാബിലേക്ക് അയച്ചിട്ടുണ്ട്.
200 തെരുവുനായ്ക്കളെ കൊന്നെന്ന വിവരം ലഭിച്ചെന്ന് ആരോപിച്ചു മൃഗക്ഷേമ പ്രവര്ത്തകന് അടുലപുരം ഗൗതം മച്ചാറെഡ്ഡി പോലീസ് സ്റ്റേഷനില് പരാതി നല്കുകയായിരുന്നു. ഭവാനിപേട്ട് ഗ്രാമത്തില് താന് അന്വേഷിച്ചപ്പോള് തെരുവുനായ്ക്കളുടെ ശരീരങ്ങള് വലിച്ചെറിഞ്ഞ നിലയില് കണ്ടെത്തുകയായിരുന്നുവെന്ന് അദ്ദേഹം പരാതിയില് പറയുന്നു. ഈ പരാതിയിലാണ് പോലീസ് ഭാരതീയ ന്യായ സംഹിത പ്രകാരം പോലീസ് കേസെടുത്തത്.
.
Kerala
തിരുവനന്തപുരം: വിഴിഞ്ഞത്ത് ചൊവ്വാഴ്ച ഉണ്ടായ തെരുവുനായ ആക്രമണത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. വീട്ടുമുറ്റത്ത് നിന്നവരെയും വഴിയിലൂടെ നടന്നുപോയവരെയുമടക്കമാണ് നായ കടിച്ചത്.
കല്ലുവെവെട്ടാൻകുഴി സ്വദേശികളായ അസിയ (9), ആദിൽ മുഹമ്മദ് (7), വിഴിഞ്ഞം ഹാർബർ റോഡിൽ അസിക (18), മൈദിൻ പീരുമുഹമ്മദ് (37), ഹസനാർ (60), ഇൻസമാം ഹക്ക്(31), അബുഷൗക്കത്ത് (56), വിഴിഞ്ഞം കോസ്റ്റൽ പോലീസിലെ വാർഡൻ സുനിറ്റ് (35) എന്നിവർക്കാണ് കടിയേറ്റത്. പേവിഷബാധയേറ്റ നായയെന്ന് സംശയമുള്ളതായി കടിയേറ്റവർ പറഞ്ഞു. ചൊവ്വാഴ്ച രാവിലെ 9.30 ഓടെയാണ് നായയുടെ ആക്രമണമുണ്ടായത്.
കല്ലുവെട്ടാൻകുഴിയിൽ വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന അസിയയുടെ ഇടത് കൈയിലും കാലിലും അതുപോലെ ആദിലിന് വലതുകാലിലെ തുടയിലുമാണ് കടിയേറ്റത്. വിഴിഞ്ഞം കോസ്റ്റൽ പോലീസ് സ്റ്റേഷന് സമീപം ഡ്യൂട്ടിയിലുണ്ടായിരുന്ന കോസ്റ്റൽ വാർഡൻ സുനിറ്റിന് ഇടതുകാലിലാണ് കടിയേറ്റത്.
പിന്നാലെ വീട്ടുമുറ്റത്ത് നിന്ന അസിക, ഷെഡിൽ കിടന്നുറങ്ങിയ ഹസനാർ, ഇൻസമാം ഹക്ക് എന്നിവരെ ഉൾപ്പെടെ ആക്രമിക്കുകയായിരുന്നു. നായയെ പിടികിട്ടിയതോടെ നാട്ടുകാർ അടിച്ചുകൊന്നു.
Kerala
തിരുവനന്തപുരം: പരീക്ഷയ്ക്കു പോകാനാകാതെ അന്ന മരിയ. കഴിഞ്ഞ ദിവസം ശ്രീകാര്യത്ത് വളര്ത്തുനായകളുടെ ആക്രമണത്തില് കാലിന് ഗുരുതര പരിക്കേറ്റ വിദ്യാര്ഥിനി അന്ന മരിയയ്ക്ക് ഇന്നലെ പ്ലസ്ടു പ്രാക്ടിക്കല് പരീക്ഷ ഉണ്ടായിരുന്നെങ്കിലും പോകാനായില്ല.
പോങ്ങുംമൂട് മേരിനിലയം സ്കൂളിലെ പ്ലസ്ടു വിദ്യാര്ഥിനി മണ്വിള സ്വദേശിനി അന്ന മരിയയ്ക്ക് (17) വ്യാഴാഴ്ചയാണ് പരീക്ഷ കഴിഞ്ഞു വരുംവഴി സമീപവാസിയുടെ വളര്ത്തുനായ്ക്കളുടെ ക്രൂരമായ കടിയേറ്റത്. സംഭവത്തില് അന്നയുടെ മാതാപിതാക്കള് ശ്രീകാര്യം പോലീസ് സ്റ്റേഷനില് പരാതി നല്കി. പോലീസ് വിദ്യാര്ഥിനിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ മെഡിക്കല് കോളജ് ആശുപത്രിയില് പ്രവേശിപ്പിച്ച അന്ന മരിയ വാക്സിനേഷന് നടപടികള്ക്കു ശേഷം രാത്രി വൈകിയാണ് വീട്ടിലേക്കു മടങ്ങിയത്. ആന്റിബയോട്ടിക്കും വാക്സിനേഷനുമല്ലാതെ കൂടുതലൊന്നും ചെയ്യാന് സാധിക്കില്ലെന്ന മറുപടിയാണ് മെഡിക്കല് കോളജ് ഡോക്ടർമാരില് നിന്നും ലഭിച്ചതെന്ന് അന്നയുടെ മാതാപിതാക്കള് പറയുന്നു.
പട്ടികടി മൂലമുള്ള മുറിവായതിനാല് തുന്നിച്ചേര്ക്കാനോ കെട്ടി വയ്ക്കാനോ സാധിക്കില്ല. വെള്ളവും സോപ്പും ഉപയോഗിച്ചു കഴുകുക മാത്രമാണ് ചെയ്യാവുന്നത്. ആഴത്തിലുള്ള മുറിവുമൂലമുള്ള വേദനയും നീറ്റലും സഹിക്കാനാകാതെ ബുദ്ധിമുട്ടുകയാണ് അന്ന. ജനറല് ഫിസിഷ്യനു പുറമേ മെഡിക്കല് കോളജില് ഓര്ത്തോ സര്ജനെയും കണ്ടിരുന്നു.
പട്ടികടിയേറ്റുള്ള ആഴത്തിലുള്ള മുറിവില്നിന്നും ഇപ്പോഴും ചോരയൊലിക്കുകയാണെന്ന് അന്നയുടെ മാതാവ് ആശ പറഞ്ഞു. കാല്മുട്ടിനു പിന്നിലായുള്ള ആഴത്തിലുള്ള മുറിവു മൂലം നടക്കാന് സാധിക്കാത്ത അവസ്ഥയാണ്. മുത്തശിയുടെ വാക്കര് ഉപയോഗിച്ചാണ് വീടിനുള്ളില് നടക്കുന്നത്.
ആഴത്തിലുള്ള മുറിവേറ്റ ഭാഗത്തു നിന്നും മാംസവും നഷ്ടപ്പെട്ടിട്ടുണ്ട്. ആദ്യമായാണ് പോലീസ് സ്റ്റേഷനില് ഒരു കേസ് കൊടുക്കുന്നത്. പരാതിയില് നായകളുടെ ഉടമയുടെ കൃത്യമായ അഡ്രസ് നല്കിയെങ്കിലും എഫ്ഐആറില് മുഴുവന് വിലാസവും ചേര്ത്തിട്ടില്ലെന്നും മാതാപിതാക്കള് പറയുന്നു. മണ്വിള സ്വദേശികളായ മനോജ് വി. ലാസര്-കെ. ആശ ദമ്പതികളുടെ മകളാണ് അന്ന മരിയ.
Kerala
കൊച്ചി: മട്ടാഞ്ചേരിയില് തെരുവുനായയുടെ കടിയേറ്റ് വിദ്യാര്ഥിനിക്ക് പരിക്ക്. സ്കൂളിലേക്ക് പോവുകയായിരുന്ന ഹന ഫാത്തിമ എന്ന 16കാരിയെയാണ് തെരുവുനായ കടിച്ചത്. മട്ടാഞ്ചേരി ജെയ്ന് ക്ഷേത്രത്തിന് സമീപത്തായിരുന്നു സംഭവം.
പെണ്കുട്ടിയുടെ കൈയിലും കാലിലും കടിയേറ്റു. എറണാകുളം ജനറല് ആശുപത്രിയില് എത്തിച്ച് പെണ്കുട്ടിക്ക് വാക്സിന് എടുത്തു. മട്ടാഞ്ചേരിയില് തെരുവുനായ ശല്യം രൂക്ഷമാണ് എന്ന പരാതിയുമായി നാട്ടുകാര് രംഗത്തെത്തിയിരുന്നു.
Kerala
കണ്ണൂർ: പയ്യാന്പലം കടൽത്തീരം സന്ദർശിക്കാനെത്തിയ വിദേശ ടൂറിസ്റ്റിന് തെരുവുനായയുടെ കടിയേറ്റു. ഇറ്റലിക്കാരിയായ ജസീക്ക ഫറീന അലക്സാണ്ടറെ (26) ആണ് തെരുവുനായ കടിച്ചുപറിച്ചത്.
കാലിനു സാരമായി പരിക്കേറ്റ ജസീക്കയെ പിങ്ക് പോലീസാണ് കണ്ണൂർ ജില്ലാ ആശുപത്രിയിലെത്തിച്ചത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.
National
ന്യൂഡൽഹി: കോണ്ഗ്രസിന്റെ രാജ്യസഭാ എംപി പാർലമെന്റിന്റെ പ്രധാന കവാടം വരെ തെരുവുനായയെ കൊണ്ടുവന്ന സംഭവത്തിൽ വിവാദം.
ശൈത്യകാല സമ്മേളനം ആരംഭിച്ച ആദ്യദിനത്തിൽ തെരുവുനായയുമായി പാർലമെന്റിലേക്ക് എത്തിയ രേണുക ചൗധരിക്കെതിരേ നടപടിയെടുക്കണമെന്ന് ബിജെപി എംപി ജഗദംബിക പാൽ ആവശ്യപ്പെട്ടു. പാർലമെന്റ് അംഗങ്ങൾക്ക് ചില സവിശേഷ അധികാരങ്ങൾ ഉണ്ടെങ്കിലും അത് ദുരുപയോഗം ചെയ്യരുതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാൽ, പാർലമെന്റിന്റെ പ്രധാന കവാടം വരെ തന്റെ കാറിൽ കൊണ്ടുവന്ന നായയെ അതേപടി കാറിൽ തിരിച്ചയച്ചതായും അതിൽ എന്തു തെറ്റാണെന്നും രേണുക പ്രതികരിച്ചു.
അതൊരു ചെറിയ നായയാണെന്നും ആരെയും ഉപദ്രവിക്കില്ലെന്നും അവർ പറഞ്ഞു. ശരിക്കും കടിക്കുന്നവർ പാർലമെന്റിന്റെ അകത്താണ്. അവരാണ് സർക്കാർ നടത്തുന്നത്. താനൊരു നിശബ്ദ ജീവിയെ സംരക്ഷിക്കാൻ ശ്രമിച്ചു. അത് വലിയ പ്രശ്നവും ചർച്ച വിഷയവും ആക്കുകയാണ്. നായയെ കൊണ്ടുവരാൻ പാടില്ലെന്ന നിയമമുണ്ടോ എന്നും രേണുക ചോദിച്ചു.
പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ വരുന്ന വഴിയിൽ ഒരു കാറും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചു. അതിനിടയിൽ പെടേണ്ട എന്ന് കരുതിയാണ് താൻ നായയെ കാറിൽ കയറ്റി പാർലമെന്റിന്റെ പ്രധാന കവാടം വരെ എത്തിയത്. തുടർന്ന് അതേ കാറിൽ നായയെ വീട്ടിലേക്ക് തിരിച്ചയച്ചു. ഇത്തരത്തിൽ തെരുവിൽ അലയുന്ന നായ്ക്കളെ താൻ സംരക്ഷിക്കുന്നുണ്ടെന്നും രേണുക വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: കോവളം ബീച്ചിൽതെരുവുനായ ആക്രമണം. പ്രഭാത സവാരിക്കിറങ്ങിയ ഹോട്ടലുടമയ്ക്ക് കഴിഞ്ഞ ദിവസം കടിയേറ്റു.
രാവിലെ ഹവ്വാ ബീച്ചിലൂടെ നടന്നുവന്ന സ്വകാര്യ ഹോട്ടൽ നടത്തുന്ന കണ്ണൂർ സ്വദേശി റോബിന്റെ വലതു കാലിൽ കൂട്ടമായെത്തിയ തെരുവുനായ കടിക്കുകയായിരുന്നു. ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാനായി റോബിൻ കടലിലേക്ക് ചാടിയെങ്കിലും നായകൾ വിടാതെ പിൻതുടർന്ന് കടിക്കുകയായിരുന്നു.
റോബിൻ പിന്നീട് ആശുപത്രിയിൽ ചികിത്സ തേടി. ശനിയാഴ്ച ലൈറ്റ് ഹൗസ് ബീച്ചിൽ നടപ്പാതയിലൂടെ വരികയായിരുന്ന വിദേശ വനിതയെയും തെരുവു നായ ആക്രമിച്ചിരുന്നു. റഷ്യയിൽ നിന്നുള്ള പൗളിന(32) വലതു കണങ്കാലിൽ മാരകമായി കടിയേറ്റത്.
Editorial
ആയിരങ്ങളെ കൊന്നും ലക്ഷങ്ങളെ കടിച്ചുകുടഞ്ഞും തെരുവുനായകൾ രാജ്യം നിറഞ്ഞിട്ടും അനങ്ങാതിരുന്ന ലോകഗുരുക്കന്മാരും ഒന്നാം നന്പറുകാരും ഇനിയെങ്കിലും പണിയെടുക്കണം. പൊതു ഇടങ്ങളിൽനിന്നെല്ലാം തെരുവുനായകളെ നീക്കാനാണ് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്. പേവിഷബാധയിൽ മനുഷ്യൻ പിടയുന്പോഴും നായപ്രേമത്തിന്റെ വേഷം കെട്ടി താണ്ഡവമാടിയ അഭിനവ മേനക, രംഭ, തിലോത്തമമാർക്കും ജനദ്രോഹ നിയമങ്ങൾക്കും മുന്നിൽ വാലാട്ടി നിൽക്കുകയായിരുന്നു കേന്ദ്രവും സംസ്ഥാനവും ഒരുപോലെ. വോട്ടുകാല ക്ഷേമരാഷ്ട്രീയക്കാർ തദ്ദേശ തെരഞ്ഞെടുപ്പ് ഓർത്തെങ്കിലും അലസത വെടിയുമെന്നു കരുതാം.
പൊതു ഇടങ്ങളിൽനിന്നു രണ്ടു മാസത്തിനകം നായകളെ നീക്കണമെന്നു മാത്രമല്ല, വന്ധ്യംകരിച്ച് തെരുവിൽ തിരിച്ചെത്തിക്കരുതെന്നുമാണ് സുപ്രീംകോടതി ഉത്തരവ്. നടപ്പാക്കിയിട്ട് ചീഫ് സെക്രട്ടറിമാർ സുപ്രീംകോടതിയെ അറിയിക്കുകയും വേണം. അലഞ്ഞുനടക്കുന്ന കന്നുകാലികളെയും നീക്കേണ്ടതുണ്ട്. നഗരങ്ങളെയും ഗ്രാമങ്ങളെയും ഒരുപോലെ ഗതാഗതക്കുരുക്കിലാക്കുകയും വൃത്തിഹീനമാക്കുകയും ചെയ്യുന്ന കാലിക്കൂട്ടങ്ങൾ ഉത്തരേന്ത്യയിലെ പതിവു കാഴ്ചയാണ്. സ്ഥാപിത കാഴ്ചപ്പാടുകൾ പരിഷ്കൃതലോകത്തെ എങ്ങനെയാണ് നിശ്ചലമാക്കുന്നതെന്നതിന്റെ ഉദാഹരണമാണ് നമ്മുടെ പൊതു ഇടങ്ങൾ.
ഭരണാധികാരികൾക്കു ലോകം ചുറ്റി കൊതി തീർന്നിട്ടില്ലെങ്കിലും വിദേശങ്ങളിലെ ശുചിത്വവും ജനാധിപത്യ രാജ്യങ്ങളിലെ സമാധാനപൂർണമായ ജീവിതവുമൊന്നും അവരുടെ രാഷ്ട്രീയാന്ധതകളിലേക്കു വെളിച്ചം വീശുന്നില്ല. എന്തായാലും, നിസഹായരായി നിന്ന ജനങ്ങൾക്കുവേണ്ടി സ്വമേധയാ കേസെടുക്കുകയും ആശാവഹമായ വിധി പുറപ്പെടുവിക്കുകയും ചെയ്ത സുപ്രീംകോടതി ഇടപെട്ടാലല്ലാതെ ഈ രാജ്യത്തെ വന്യജീവി ആക്രമണങ്ങൾക്കും അറുതിയാകില്ല.
വിവിധ കണക്കുകൾ പ്രകാരം അഞ്ചു മുതൽ ആറു കോടി നായ്ക്കളെങ്കിലും രാജ്യമൊട്ടാകെ അലയുന്നുണ്ട്. കേന്ദ്ര മൃഗസംരക്ഷണ മന്ത്രി ലോകസ്ഭയിൽ വച്ച കണക്കനുസരിച്ച് കഴിഞ്ഞ വർഷം 37,15,713 പേരെയാണു തെരുവുനായ കടിച്ചത്. ഇക്കൊല്ലം ആദ്യത്തെ നാലു മാസത്തിനിടെ കേരളത്തിൽ ഒന്നര ലക്ഷത്തിലധികം പേരെ നായ കടിച്ചു. കേന്ദ്രം സംസ്ഥാനത്തെയും സംസ്ഥാനം കേന്ദ്രത്തെയും പഴി പറഞ്ഞ് ഈ വിഷയത്തെ പതിറ്റാണ്ടുകളായി രാജ്യത്തിന്റെ ഒഴിയാബാധയാക്കി.
നായ്ക്കളെ നിയന്ത്രിക്കാൻ വന്ധ്യംകരണം മതിയെന്ന അപ്രായോഗിക ചിന്തയുടെ ഫലമായിരുന്നു എബിസി (ആനിമൽ ബർത്ത് കൺട്രോൾ-ഡോഗ്) പദ്ധതി. നിയമം 25 കൊല്ലം പിന്നിട്ടു. കോടികൾ പൊടിച്ചെങ്കിലും പ്രശ്നം കൂടുതൽ ഗുരുതരമായിക്കൊണ്ടിരുന്നു. അനിയന്ത്രിതമായി പെരുകിയ തെരുവുനായകളെ എബിസി പദ്ധതികൊണ്ട് അടുത്തകാലത്തൊന്നും നിയന്ത്രിക്കാനാവില്ലെന്നും നശിപ്പിക്കണമെന്നും ഇന്ത്യന് വെറ്ററിനറി അസോസിയേഷന് കേരള ഘടകം പറഞ്ഞത് ഇക്കഴിഞ്ഞ മേയിലാണ്. നായകളും കന്നുകാലികളും നിറഞ്ഞ തെരുവുകളെ നിലനിർത്തിക്കൊണ്ട് വൃത്തിയും വെടിപ്പുമുള്ള സ്വച്ഛഭാരതം കെട്ടിപ്പടുക്കാനാണ് പ്രധാനമന്ത്രി ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്.
ഡൽഹിയിലെ തെരുവുനായകളെ കൂട്ടിലടയ്ക്കാൻ കഴിഞ്ഞ ഓഗസ്റ്റിൽ സുപ്രീംകോടതി ഉത്തരവിട്ടപ്പോൾ, പതിറ്റാണ്ടുകളായി നാം പിന്തുടരുന്ന മാനുഷികവും ശാസ്ത്രീയവുമായ സമീപനങ്ങളിൽനിന്നുള്ള പിന്മാറ്റമായിരിക്കും ഇതെന്നും തെരുവുനായകളെ പിടികൂടി മാറ്റുന്നത് ക്രൂരമാണെന്നുമാണ് പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി എക്സില് കുറിച്ചത്. ഇവരൊക്കെ ഏതു ലോകത്താണ് ജീവിക്കുന്നത്! സന്പന്നരുടെയും പരിസ്ഥിതിവാദം ഫാഷനാക്കിയവരുടെയും നേതാക്കളുടെയുമൊക്കെ ഉറ്റവരൊന്നും പേവിഷബാധ സെല്ലുകളിൽ നരകിക്കില്ല. പക്ഷേ തങ്ങളെപ്പോലെ, സുരക്ഷാ ജീവനക്കാർക്കും അനുചരവൃന്ദങ്ങൾക്കുമൊപ്പമല്ല പാവപ്പെട്ട മനുഷ്യർ ജീവിക്കുന്നത് എന്നെങ്കിലും ഓർത്തിരുന്നെങ്കിൽ!
വികല രാഷ്ട്രീയക്കാർ, പരിസ്ഥിതി-മൃഗസ്നേഹികൾ, ശ്രദ്ധ പിടിച്ചുപറ്റാൻ ഓടിനടക്കുന്നവർ, വാക്സിൻ നിർമാതാക്കൾ... പ്രത്യക്ഷമായും പരോക്ഷമായും കോടതിവിധി തിരുത്താൻ ശ്രമങ്ങളുണ്ടാകും. പക്ഷേ, പ്രാകൃതനിയമങ്ങളിൽനിന്ന് ഈ രാജ്യത്തെ എന്നെങ്കിലും മോചിപ്പിക്കേണ്ടേ? സാധാരണക്കാർക്കും ജീവിക്കണം. രാജ്യം തെരുവുനായമുക്തമായാൽ വാക്സിനുകൾക്കുവേണ്ടി ചെലവഴിക്കുന്ന ശതകോടികൾ മറ്റു നല്ല കാര്യങ്ങൾക്കു വിനിയോഗിക്കാം. നമ്മുടെ വിനോദസഞ്ചാരമേഖല സുരക്ഷിതമാകും.
അമേരിക്കയുൾപ്പെടെ വികസിതരാജ്യങ്ങളിലൊക്കെ തെരുവുനായകളെയും വന്യജീവികളെയും അധികമായാൽ കൊന്നൊടുക്കുകയാണു ചെയ്യുന്നത്. ഇവിടെ മാത്രം മനുഷ്യരെ കൊന്നൊടുക്കിയാലും വന്യജീവികളെയും തെരുവുനായകളെയും തൊടാൻ സമ്മതിക്കില്ല. തെരുവുനായകൾ, കന്നുകാലികൾ, വന്യജീവികൾ... ഒന്നുകിൽ അവയെ മാറ്റുക. അല്ലെങ്കിൽ ജന്തുസ്ഥാന്റെ രാഷ്ട്രീയ മുതലാളിമാരേ, നിങ്ങളീ ജനതയെ സംരക്ഷണ കേന്ദ്രങ്ങളിലടയ്ക്കുക.
Kerala
പാലക്കാട്: സംസ്ഥാനത്തെ മുഴുവൻ തെരുവുനായകളെയും മാറ്റുന്നത് പ്രായോഗികമല്ലെന്ന് മന്ത്രി എം.ബി. രാജേഷ്. എബിസി ഷെൽട്ടർ തുടങ്ങുന്നതിനെതിരെ പോലും പ്രതിഷേധമാണെന്ന് പറഞ്ഞ മന്ത്രി പിന്നെങ്ങനെയാണ് തെരുവുനായകളെ മുഴുവൻ മാറ്റാൻ കഴിയുകയെന്നും ചോദിച്ചു.
സുപ്രീം കോടതിയുടെ വിധി പകർപ്പ് കൈയിൽ കിട്ടിയിട്ടില്ലെന്നും തെരുവുനായകളെ മുഴുവൻ മാറ്റണമെന്ന നിർദേശം വന്നാൽ അപ്പോൾ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. തെരുവുനായകളെ പൊതുസ്ഥലങ്ങളിൽ നിന്ന് നീക്കണമെന്ന സുപ്രീംകോടതി ഉത്തരവ് കേരളത്തിന് വെല്ലുവിളിയാകും. നായകളെ പാർപ്പിക്കാനുള്ള ഷെൽട്ടർ ഹോമുകൾക്ക് സ്ഥലം കണ്ടെത്തുക പ്രയാസകരമാകുമെന്നും മന്ത്രി പറഞ്ഞു.
"കൂടുതൽ ജീവനക്കാരെയും നിയോഗിക്കേണ്ടിവരും. നിലവിലുള്ള എബിസി കേന്ദ്രങ്ങൾ പോലും കേരളത്തിൽ കൃത്യമായി പ്രവർത്തിക്കുന്നില്ല.'-മന്ത്രി പറഞ്ഞു.
"ഏറ്റവും ഒടുവിൽ പ്രസിദ്ധകരിച്ച ലൈവ് സ്റ്റോക്ക് കണക്ക് പ്രകാരം കേരളത്തിൽ 2.80 ലക്ഷത്തിലധികം തെരുവുനായകളുണ്ട് ഒരു വർഷത്തിനിടെ ആകെ 15,825 നായകളെ മാത്രമാണ് വന്ധ്യകരണം ചെയ്തത്. ഈ സാമ്പത്തിക വർഷം 9,737 നായകളെ വന്ധ്യകരണം ചെയ്തു. ആകെ 19 എബിസി കേന്ദ്രങ്ങളാണ് ഉള്ളത്. ഇതിൽ ചിലത് പ്രവർത്തിക്കുന്നുമില്ല. ആനിമൽ ക്യാചർമാരായി ആകെ 595 പേരാണ് ഉള്ളത്.'-എം.ബി. രാജേഷ് പറഞ്ഞു.
പ്രാദേശിക എതിർപ്പുകൾ കാരണം എബിസി കേന്ദ്രങ്ങൾക്ക് സ്ഥലം കണ്ടെത്താൻ കഴിയുന്നില്ലെന്നാണ് സംസ്ഥാന സർക്കാർ ആവർത്തിച്ച് പറയുന്നത്. സ്ഥലപ്രശ്നം കാരണമാണ് പോർട്ടബിൾ എബിസി കേന്ദ്രങ്ങൾ തുറക്കാൻ തീരുമാനിച്ചത്. എബിസി കേന്ദ്രങ്ങൾ പോലും നാട്ടുകാർ സമ്മതിക്കാത്തിടത്ത് ഷെൽട്ടർ ഹോമുകൾ എങ്ങനെ തുറക്കുമെന്നാണ് ആശങ്ക ഉയരുന്നത്.
മന്ത്രിതല യോഗങ്ങൾക്കും ആനിമൽ വെൽഫെയർ ബോർഡ് യോഗത്തിനും ശേഷമായിരിക്കും സുപ്രീംകോടതി നിർദ്ദേശം നടപ്പാക്കുന്നതിൽ കേരളം വഴി കണ്ടെത്തുകയെന്നും മന്ത്രി വ്യക്തമാക്കി.
District News
ആലുവ: തെരുവ് നായ്ക്കളുടെ ആക്രമണത്തിന് ഇരയായവരുടെ സംസ്ഥാന സമ്മേളനം ജനസേവ തെരുവുനായ വിമുക്ത കേരള സംഘത്തിന്റെ ആഭിമുഖ്യത്തിൽ നവംബർ ഒന്നിന് സംഘടിപ്പിക്കും. എറണാകുളം വഞ്ചി സ്ക്വയറിൽ രാവിലെ 11നാണ് സമ്മേളനം.
തെരുവ് നായയുടെ കടിയേറ്റ് പേവിഷബാധ ഉണ്ടായതിനെ തുടർന്ന് കഴിഞ്ഞ മേയിൽ ജീവൻ നഷ്ടപ്പെട്ട കൊല്ലം സ്വദേശിനിയായ നിയാ ഫൈസലി(ഏഴ്)ന്റെ മാതാവ് എൻ. ഹബീറ ഉദ്ഘാടനം ചെയ്യും.
പത്മശ്രീ ഡോ. ടോണി ഫെർണാണ്ടസ്, തെരുവുനായ വിമുക്ത കേരളസംഘം സംസ്ഥാന ചെയർമാൻ ജോസ് മാവേലി, ജനസേവ ശിശുഭവൻ പ്രസിഡന്റ് അഡ്വ. ചാർളി പോൾ തുടങ്ങിയവർ പ്രസംഗിക്കും. തെരുവ് നായ്ക്കളുടെ ആക്രമണത്തെ തുടർന്ന് പേവിഷബാധയേറ്റ് മരണപ്പെട്ടവരുടെ ബന്ധുക്കളും കടിയേറ്റവരും വാഹനാപകടത്തിലും മറ്റും പരിക്കേറ്റവർ ഉൾപ്പെടെ നിരവധി പേർ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സമ്മളനത്തിൽ എത്തിച്ചേരും.
സമ്മേളനത്തിൽ പങ്കെടുക്കുന്ന പട്ടി കടിയേറ്റ ബിപിഎൽ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് യാത്രാ ചെലവായി 500 രൂപ വീതം നൽകുമെന്ന് ജോസ് മാവേലി അറിയിച്ചു. ഫോൺ: 9633361101.
District News
നെടുമങ്ങാട്: അരുവിക്കരയിലും പരിസരപ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായി. വിനോദസഞ്ചാരികൾക്കും സ്കൂൾ കുട്ടികൾക്കും നാട്ടുകാർക്കും കടിയേൽക്കുന്നത് നിത്യസംഭവമാണ്.
അരുവിക്കര ഡാം സന്ദർശിക്കാൻ എത്തുന്ന വിനോദസഞ്ചാരികൾ വാട്ടർ അഥോറിറ്റി, ടൂറിസം അധികൃതർക്ക് നിവേദനം നൽകിയിട്ടുണ്ട്.ഡാമിനു സമീപത്തെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിലും പഴയ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലും താവളമുറപ്പിച്ചിരിക്കുന്ന നായ്ക്കൾ കുട്ടികൾ ഉൾപ്പെടെയുള്ളവരെ ആക്രമിക്കുന്നുണ്ട്. പഴയ പൊലീസ് സ്റ്റേഷൻ പരിസരത്ത് തന്പടിച്ചിരിക്കുന്ന നായ്ക്കൾ കാൽനടയാത്രക്കാർക്ക് ഭീഷണിയാണ്.
പഞ്ചായത്ത് ഓഫീസ്, ഹയർ സെക്കൻഡറി സ്കൂൾ, പൊലീസ് സ്റ്റേഷൻ, അക്ഷയ കേന്ദ്രം, കെഎസ്ഇബി ഓഫീസ് എന്നിവ ജംഗ്ഷനിൽ പ്രവർത്തിക്കുന്നുണ്ട്.വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന നൂറുകണക്കിന് ആളുകൾ തെരുവ് നായ ഭീതിയുടെ നടുവിലാണ്. സമീപത്തെ വില്ലേജ് ഓഫീസിലും മൃഗാശുപത്രിയിലും എത്തുന്നവരും നായ്ക്കളുടെ ആക്രമണം മുന്നിൽ കണ്ടാണ് വരുന്നത്.അരുവിക്കരയിലെ ഏക ആതുരാലയമായ കുടുംബാരോഗ്യ കേന്ദ്രത്തിൽ രാപ്പകൽ ഭേദമില്ലാതെ നായ്ക്കൾ ചുറ്റിത്തിരിയുകയാണ്. ചികിത്സതേടി വരുന്നവരെ നായ്ക്കൾ പലവട്ടം ആക്രമിക്കാൻ ശ്രമിച്ചിട്ടുണ്ട്.
ജി.വി.രാജ സ്പോർട്സ് സ്കൂൾ പരിസരത്തെ നായശല്യം കാരണം കായിക വിദ്യാർത്ഥികൾക്ക് ഭയമില്ലാതെ പരിശീലനം ചെയ്യാനാകുന്നില്ലെന്ന പരാതിയും വ്യാപകമാണ്.
കടിയേറ്റ് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടുന്നവരുടെ എണ്ണവും വർധിക്കുകയാണ്. ഇവർക്ക് പേവിഷബാധയ്ക്കെതിരെയുള്ള ആദ്യഡോസ് കുത്തിവയ്പ് മാത്രമേ കുടുംബാരോഗ്യ കേന്ദ്രത്തിൽ എടുക്കുകയുള്ളു. തുടർന്നുള്ള കുത്തിവെയ്പുകൾക്ക് നെടുമങ്ങാട്, പേരൂർക്കട എന്നിവിടങ്ങളിലെ സർക്കാർ ആശുപത്രികളെയോ മറ്റു സ്വകാര്യ ആശുപത്രികളെയോ ആശ്രയിക്കണം.